തിരുവനന്തപുരം: ശബരിമല തിരുവാഭരണ പരിശോധന പൂര്‍ത്തിയായെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. സുപ്രിംകോടതിയുടെ നിര്‍ദേശ പ്രകാരമായിരുന്നു തിരുവാഭരണ പരിശോധന. തിരുവാഭരണത്തിന്റെ സുരക്ഷയില്‍ തൃപ്തി ഉണ്ട്. ഉടന്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. തിരുവാഭരണത്തിന്റെ മാറ്റ് പരിശോധിച്ചത് യന്ത്ര സഹായത്താലാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊടിക്കൂറ, നെറ്റിപ്പട്ടം എന്നിവയുടെ കണക്കെടുപ്പാണ് പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നത്. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ എത്തിയത് രാവിലെ പത്ത് മണിയോടെയാണ്. പന്തളം കൊട്ടാര നിര്‍വാഹക സംഘം ഭാരവാഹികള്‍ ചേര്‍ന്ന് അദ്ദേഹത്തിന് സ്വീകരണം നല്‍കി. പിന്നീടായിരുന്നു സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങള്‍ ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റി പരിശോധന.

സ്വര്‍ണ പണിക്കാരടങ്ങുന്ന സംഘമായിരുന്നു പരിശോധനക്കുണ്ടായിരുന്നത്. പന്തളം കൊട്ടാരം നിര്‍വാഹക സംഘം ഭാരവാഹികള്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധി, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടന്നത്. തിരുവാഭരണങ്ങള്‍ പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ സുരക്ഷിതമല്ലെന്ന് ആശങ്ക ഉണ്ടായ സാഹചര്യത്തിലായിരുന്നു സുപ്രിംകോടതി പരിശോധനക്ക് നിര്‍ദേശം കൊടുത്തത്.

16 ഇനങ്ങള്‍ ഉള്‍പ്പെടുന്ന തിരുവാഭരണത്തിന്റെ തൂക്കവും മാറ്റും പരിശോധിച്ച്‌ ഉറപ്പാക്കി. തിരുവാഭരണം ദേവസ്വംബോര്‍ഡിന് കൈമാറണമെന്ന ദേവപ്രശ്ന വിധി ചോദ്യം ചെയ്ത് രാമവര്‍മ രാജാ 2007 നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്. പരിശോധന പൂര്‍ത്തിയാക്കി വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍, നാല് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, രാമവര്‍മരാജ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും ഒപ്പും പരിശോധിച്ചു ഉറപ്പാക്കാന്‍ പത്തനംതിട്ട ജില്ലാ കോടതിയില്‍ നടപടികള്‍ ഇപ്പോഴും തുടരുകയാണ്.