കേരളത്തിലെ അണക്കെട്ടുകളിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വിധത്തില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുമെന്നു വൈദ്യുതി മന്ത്രി എം.എം. മണി. വൈദ്യുതി ബോര്‍ഡിന്റെ പരാതി പരിഹാരഅദാലത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതു സംബന്ധിച്ച സാധ്യതാപഠനം വിജയകരമാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. അഞ്ഞൂറു മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ വൈദ്യുതി പദ്ധതിയിലൂടെ ഉണ്ടാക്കും. അങ്ങനെ ആയിരം മെഗാവാട്ട് വൈദ്യുതി അധികമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയില്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അത്രയും അളവ് ഉണ്ടാക്കാവുന്ന വൈദ്യുതി നിലയം സ്ഥാപിക്കും. ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്.
ആവശ്യമായ വൈദ്യുതിയുടെ മുപ്പതു ശതമാനം മാത്രമാണു സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. 70 ശതമാനവും പുറത്തുനിന്നു വാങ്ങുകയാണ്. കായംകുളം താപവൈദ്യുതി നിലയത്തില്‍നിന്നുള്ള വൈദ്യുതിക്കു ഭീമമായ ചെലവാണ്. അതിനാല്‍ അവിടെ വൈദ്യുതി ഉണ്ടാക്കുന്നില്ല. എന്നാല്‍ എന്‍ടിപിസിക്കു വര്‍ഷംതോറും ഇരുന്നൂറു കോടി രൂപ നല്‍കേണ്ടി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഓഖിയും രണ്ടു പ്രളയങ്ങളും വൈദ്യുതി ബോര്‍ഡിനു വന്‍ നഷ്ടമുണ്ടാക്കി. മൂന്നേകാല്‍ കോടി ജനങ്ങള്‍ക്കായി ഒന്നേകാല്‍ കോടി വൈദ്യുതി കണക്ഷനുണ്ട്. രണ്ടാമത്തെ പ്രളയത്തില്‍ ഒരു ലക്ഷം വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുപോയി. 189 പവര്‍ സ്റ്റേഷനുകളില്‍ ഉത്പാദനം നിലച്ചു: മന്ത്രി പറഞ്ഞു.