കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളി ജോസഫ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവം അന്വേഷിക്കാന്‍ ഉത്തരവ്. വടക്കന്‍ മേഖല ഡിഐജി വിനോദ് കുമാറിനാണ് അന്വേഷണ ചുമതല . കോഴിക്കോട് ജില്ലാ ജയിലില്‍ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കും .
ജില്ലാ ജയിലില്‍ വനിതാവിംഗിലെ സെല്ലില്‍ ഇന്നലെ പുലര്‍ച്ചെ 4.30 ഓടെയാണ് ജോളി ആത്മഹത്യക്ക് ശ്രമിച്ചത്. ജോളി അപകടനില തരണം ചെയ്തതായും മുറിവ് ആഴത്തിലുള്ളതല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു . അതേസമയം ജോളിക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങളുണ്ടെന്നും രണ്ടുദിവസം ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലെ പോലീസ് സെല്ലില്‍ ചികിത്സയിലാണിപ്പോള്‍ ജോളി . ജില്ലാജയിലില്‍ വനിതാവിംഗിലെ സെല്ലിലായിരുന്നു ജോളിയെ പാര്‍പ്പിച്ചിരുന്നത്. ഒപ്പം നാല് വനിതാ തടവുകാരെ കൂടി സെല്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു. പുലര്‍ച്ചെ സഹതടവുകാരാണ് ജോളി കിടന്നിരുന്ന ബെഡ്ഷീറ്റില്‍ രക്തം കണ്ടത് . തുടര്‍ന്ന് ഇവര്‍ ജയില്‍ വാര്ഡന്മാരെ അറിയിക്കുകയും മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു .