കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ നിന്ന് കാണാതായ ആറു വയസ്സുകാരി ദേവനന്ദയുടെ മൃതദേഹം ഇന്നു രാവിലെ സമീപത്തെ പുഴയില്‍ നിന്നും കണ്ടെത്തി. വീടിന് അടുത്തുള്ള ഇളവൂര്‍ പുഴയില്‍ നിന്നാണ് ജഢം കണ്ടെത്തിയത്. നേരത്തെ, ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സംസ്ഥാന അതിര്‍ത്തികളിലും പോലിസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു. അതേസമയം, ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
സംഭവത്തില്‍ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ തിരോധാനത്തില്‍ ഡിജിപിയോടും ജില്ലാ കലക്ടറോടും അടിയന്തര റിപോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ സൈബര്‍ വിദഗ്ദരും വിരലടയാള വിദഗ്ദരും അടങ്ങുന്ന അമ്പത് അംഗ സംഘമാണ് കാണാതായ ആറ് വയസ്സുള്ള ദേവനന്ദക്കായി തിരച്ചില്‍ നടത്തി വന്നത്. അടുത്ത ബന്ധുക്കള്‍, കുട്ടിയുടെ അമ്മ തുടങ്ങിയവരുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു. സമീപപ്രദേശത്തെ ആളൊഴിഞ്ഞ പറമ്പുകളിലും സമീപത്തെ പുഴയിലും തിരച്ചില്‍ തുടരാനുള്ള പോലീസ് പോലിസ് തീരുമാനമാണ് ഫലം കണ്ടത്. സമീപവാസികളായ നാട്ടുകാരും അന്വേഷണത്തില്‍ പങ്കെടുത്തിരുന്നു.
പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് ധന്യ ദമ്പതികളുടെ മകളായ ദേവനന്ദയെ കഴിഞ്ഞദിവസം രാവിലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്ന് സ്‌കൂളില്‍ നിന്ന് അവധിയെടുത്തത്. കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്രകമ്മിറ്റിക്കാരും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതോടെ കണ്ണനല്ലൂര്‍ പോലിസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.