കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​തി​ന് പി​ന്നി​ല്‍ ഗൂ​ഢ​നീ​ക്ക​മെ​ന്ന് അ​ന്വേ​ഷ​ണ ​സം​ഘം. വി​ചാ​ര​ണ ന​ട​ക്കാ​നി​രി​ക്കെ മ​ക്ക​ളേ​യും ബ​ന്ധു​ക്ക​ളേ​യും പൊ​തു​ജ​ന​ങ്ങ​ളേ​യും സ്വാ​ധീ​നി​ക്കു​ന്ന​തി​ന് അ​ഭി​ഭാ​ഷ​ക​ൻ ഉ​പ​ദേ​ശി​ച്ചു​കൊ​ടു​ത്ത ത​ന്ത്ര​മാ​വാം ആ​ത്മ​ഹ​ത്യാ ശ്ര​മ​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

സാ​ധാ​ര​ണ പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് അ​ലാ​റം മു​ഴ​ക്കി ജ​യി​ല്‍​ വാ​ര്‍​ഡ​ന്‍​മാ​ര്‍ ത​ട​വു​പു​ള്ളി​ക​ളെ വി​ളി​ച്ചു​ണ​ര്‍​ത്തും. ഇ​ത് മു​ന്‍​കൂ​ട്ടി അ​റി​യാ​വു​ന്ന ജോ​ളി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത് എ​ഴു​ന്നേ​ല്‍​ക്കു​ന്ന​തി​ന് മി​നി​റ്റു​ക​ള്‍​ക്ക് മു​മ്പാ​ണ്. സ​ഹ​ത​ട​വു​കാ​ര്‍ എ​ഴു​ന്നേ​റ്റാ​ല്‍ എ​ളു​പ്പ​ത്തി​ല്‍ ര​ക്തം പു​ര​ണ്ട​ത് കാ​ണു​മെ​ന്നും ര​ക്ഷ​പ്പെ​ടു​ത്തു​മെ​ന്നും ജോ​ളി മു​ന്‍​കൂ​ട്ടി ക​ണ്ടു​വെ​ന്നാ​ണ് പോ​ലീ​സിന്‍റെ വി​ല​യി​രു​ത്ത​ല്‍.

കൂ​ടാ​തെ കഴിഞ്ഞ രാത്രി കിടക്കുന്നതിന് മു​മ്പും ജോ​ളി​യു​ടെ മ​നോ​ഭാ​വ​ത്തി​ല്‍ യാ​തൊ​രു മാ​റ്റ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ജ​യി​ല​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി. പ​തി​വ് പോ​ലെ ത​ന്നെ​യാ​ണ് സ​ഹ​ത​ട​വു​കാ​രോ​ടും പെ​രു​മാ​റി​യി​രു​ന്ന​ത്.

കേ​സി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ്ധം ജോ​ളി അ​നു​ഭ​വി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് മാറ്റങ്ങൾ കണ്ടു തുടങ്ങി. എ​ങ്കി​ലും എ​ല്ലാ​വി​ധ സു​ര​ക്ഷ​യും ജ​യി​ലി​ല്‍ ഒ​രു​ക്കി​യി​രു​ന്നു. വി​ചാ​ര​ണ ന​ട​ക്കാ​നി​രി​ക്കെ ജോ​ളി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​തി​ന് പി​ന്നി​ല്‍ ആ​രു​ടേ​യെ​ങ്കി​ലും നി​ര്‍​ദേ​ശ​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ​ദി​വ​സം ജോ​ളി​യെ കാ​ണാൻ അ​ഭി​ഭാ​ഷ​ക​ൻ ജ​യി​ലി​ൽ എ​ത്തി​യി​രു​ന്നു.

കൂ​ട​ത്താ​യി കേ​സി​ല്‍ ജോ​ളി​യു​ടെ മ​ക്ക​ളാ​യ റെ​മോ, റൊ​ണാ​ള്‍​ഡ് എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള ബ​ന്ധു​ക്ക​ള്‍ സാ​ക്ഷി​ക​ളാ​യു​ണ്ട്. ഇ​ത് ഏ​റ്റ​വും നി​ര്‍​ണാ​യ​ക​മാ​യ ഘ​ട​ക​മാ​ണ്. മ​ക്ക​ള്‍ കോ​ട​തി​യി​ല്‍ ജോ​ളി​യ്ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ല്‍​കി​യാ​ല്‍ അ​ത് കേ​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഇതാണ് ജോളിയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.