വടക്കുകിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാവിനെതിരെ പോലീസ് കേസെടുത്തു. എഎപി കൗൺസിലർ താഹിർ ഹുസൈനെതിരെയാണ് കേസെടുത്തത്. കൊലപാതകം, തീവയ്പ്, സംഘർഷം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.
ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട സംഭവത്തിൽ പങ്കുണ്ടെന്നാണ് പോലീസ് ആരോപിക്കുന്നത്. താഹിർ ഹുസൈന്റെ വീടും ഫാക്ടറിയും പോലീസ് സീൽ ചെയ്തു.
താഹിർ ഹുസൈന്റെ വീടിനു സമീപം ഓടയിൽനിന്നാണ് കഴിഞ്ഞ ദിവസം അങ്കിത് ശർമയുടെ മൃതദേഹം ലഭിച്ചത്. വീട്ടിലേക്കു പോകുന്നവഴി കലാപകാരികൾ അങ്കിത് ശർമയെ ആക്രമിക്കുകയായിരുന്നു. എഎപി പ്രവർത്തകരാണ് അങ്കിതിനെ കൊലപ്പെടുത്തിയതെന്ന് അങ്കിതിന്റെ പിതാവും ഐബി ഉദ്യോഗസ്ഥനുമായ രവീന്ദർ ശർമ ആരോപിച്ചിരുന്നു. മകനെ മർദിച്ചതിനു ശേഷം വെടിവച്ചു കൊല്ലുകയായിരുന്നെന്നും രവീന്ദർ ശർമ പറഞ്ഞു.
രവീന്ദർ ശർമയുടെ ആരോപണം ബിജെപി നേതാവ് കപിൽ മിശ്ര ഇന്ന് വീണ്ടും ആവർത്തിച്ചിരുന്നു. താഹിർ ഹുസൈനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പോലീസ് നടപടി.