ന്യൂയോര്‍ക്ക്: ഡല്‍ഹിയില്‍ പൊട്ടിപുറപ്പെട്ട അക്രമ പ്രവര്‍ത്തനങ്ങളുടെ പുറകില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ന്യൂയോര്‍ക്ക് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
ആരാധനാലയങ്ങള്‍ നശിപ്പിക്കുകയും, അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്നവര്‍ ആരായാലും, മതമോ നിറമോ നോക്കാതെ അവര്‍ക്കെതിരെ പ്രൊസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എച്ച് എ എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുഹാഗ് ശുക്ല ഫെബ്രുവരി പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ നടന്ന് കൊണ്ടിരിക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിപിക്കുകയും അധികൃതര്‍ സമാധാനം സ്ഥാപിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഹിന്ദു അമേരിക്കന്‍സ് സമാധാനത്തിന് വേണ്ടി നില്‍ക്കുന്നവരാണെന്നും, അമേരിക്കയിലും ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജനാധിപത്യവും തുല്യ അവകാശവും നിഷേധിക്കപ്പെടരുതെന്നും സംഘടനാ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. വിവിധ മത നേതാക്കന്മാരായും, സാമൂഹ്യ പ്രവര്‍ത്തകരുമായും ഈ വിഷയത്തെ കുറിച്ചു ചര്‍ച്ച നടത്താന്‍ ഇന്ത്യ ഗവണ്മെണ്ട് തയ്യാറാകണമെന്നും എച്ച് എ എഫ് ആവശ്യപ്പെട്ടു.