കാലിഫോര്‍ണിയ -ലോകം മുഴുവന്‍ ആരാധകരുള്ള അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ഫ്രണ്ട്‌സിലെ താരങ്ങളെല്ലാവരും വീണ്ടും ഒന്നിച്ചുകൂടുകയാണ്. ഫ്രണ്ട്‌സിന്റെ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സ് ആരംഭിക്കാന്‍ പോകുന്ന സ്വന്തം സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ എച്ച്ബിഒ മാക്‌സില്‍ ഫ്രണ്ട്‌സ് എത്തുന്നതിന്റെ ഭാഗമായാണ് ഫ്രണ്ട്‌സ് റീയൂണിയന്‍ സ്‌പെഷ്യല്‍ എപ്പിസോഡ് എത്തുക.

ഫ്രണ്ട്‌സ് സീരിസ് പ്രധാനമായും ചിത്രീകരിച്ച വാര്‍ണര്‍ സ്റ്റുഡിയോയിലെ സ്‌റ്റേജ് 24ലായിരിക്കും റീയൂണിയന്‍ നടക്കുക. ജെന്നിഫര്‍ ആനിസ്റ്റണ്‍, കോര്‍ട്ട്ണി കോക്‌സ്, ലിസ കുഡ്‌റോവ്, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി, ഡേവിഡ് ഷ്വിമ്മര്‍ എന്നീ ആറ് പ്രധാന താരങ്ങളും എത്തിച്ചേരും. ബെന്‍ വിന്‍സ്റ്റണ്‍ ആണ് റീയൂണിയന്‍ സംവിധാനെ ചെയ്യുന്നത്.

നാളുകളായുള്ള ആരാധകരുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. എച്ച്ബിഒ മാക്‌സില്‍ ഫ്രണ്ട്‌സിന്റെ പത്ത് സീസണും സ്ട്രീമിങ് തുടങ്ങുന്നതിന്റെ ഒപ്പം തന്നെയായിരിക്കും കാസ്റ്റ് റീയൂണിയനും എത്തുക. എച്ച്ബിഒ മാക്‌സ് മെയ് മാസം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് വാര്‍ണര്‍ ബ്രദേഴ്‌സ് അറിയിച്ചുട്ടള്ളത്.
കഴിഞ്ഞ വര്‍ഷം മുതല്‍ ഫ്രണ്ടസ് റീയൂണിയന്‍ വരാന്‍ പോകുന്നതിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ വന്നിരുന്നു. ജെന്നിഫര്‍ ആനിസ്റ്റണ്‍ ഒരു ടെലിവിഷന്‍ ഷോയില്‍ ചില സൂചനകള്‍ പങ്കുവെച്ചതും നാളുകള്‍ക്ക് ശേഷം താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ വന്നതും ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു.
1994 ആദ്യ എപ്പിസോഡ് ഇറങ്ങിയ ഫ്രണ്ട്‌സ് മികച്ച പ്രേക്ഷകപ്രീതി നേടി 2004 വരെ ടെലിവിഷനില്‍ തുടര്‍ന്നു. പത്ത് സീസണുകളിലായി 236 എപ്പിസോഡുകളിലായാണ് ഫ്രണ്ട്‌സ് കോടികണക്കിന് ആരാധകരെ സ്വന്തമാക്കിയത്.
2015ല്‍ ഫ്രണ്ട്‌സ് നെറ്റ്ഫഌക്‌സില്‍ എത്തിയിരുന്നു. പിന്നീട് എച്ചബിഒ മാക്‌സ് തുടങ്ങുന്നതിന്റെ ഭാഗമായി 2020 ജനുവരിയില്‍ വാര്‍ണര്‍ ബ്രദേഴ്‌സ് നെറ്റ്ഫഌക്‌സില്‍ നിന്ന് പിന്‍വലിച്ചു.