സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തിന്റെ മാതൃകാ നിയമങ്ങള്‍ നടപ്പിലാക്കിയാല്‍ പിന്തുണ ലഭിക്കുമെന്ന പ്രസ്താവനയില്‍ ബഡ്ജറ്റിന്റെ രാഷ്ട്രീയവുമടങ്ങിയിട്ടുണ്ടെന്ന് മുന്‍ ആസൂത്രണ ബോര്‍ഡ് അംഗവും ടെക്നോപാര്‍ക്ക് സ്ഥാപക സി.ഇ.ഒയും ആയ ജി. വിജയരാഘവന്‍ പറഞ്ഞു. കേരള കൗമുദി ദിനപത്രത്തിലെ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് ഒറ്റനോട്ടത്തില്‍ സര്‍വതലസ്പര്‍ശിയാണെന്ന് കാണാം. എന്നാല്‍ വിവിധ മേഖലകള്‍ ഒന്നൊന്നായി എടുത്തു പരിശോധിക്കുമ്ബോള്‍ ആഴത്തില്‍ തൊട്ടിട്ടുണ്ടെന്ന് പറയാനും കഴിയില്ല. ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്നതിനുള്ള മാര്‍ഗങ്ങള്‍ വ്യക്തമല്ല. ആ നിലയ്ക്ക് ഇപ്പോള്‍ നിലനില്‍ക്കുന്ന സാമ്ബത്തിക മാന്ദ്യത്തെ മറികടക്കാനുള്ള പോംവഴികളും പ്രകടമല്ല.

ബഡ്ജറ്റ് രേഖകള്‍ എല്ലാം ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ ഒരു സമ്ബൂര്‍ണ അവലോകനം അര്‍ത്ഥവത്താവുകയുള്ളൂ എന്നറിയാതെയല്ല ഈ വിലയിരുത്തല്‍. ബഡ്ജറ്റ് പ്രസംഗത്തില്‍ നിര്‍മ്മലാ സീതാരാമന്‍ ഒരു ഓട്ടപ്രദക്ഷിണം തന്നെ നടത്തിയിരിക്കുന്നു. അവരുടെ ആ അദ്ധ്വാനത്തെ വിലകുറച്ചു കാണുന്നില്ല. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ പ്രസ്താവനകള്‍ മാത്രമായി അവശേഷിക്കാതിരുന്നാലേ അനന്തരഫലം യാഥാര്‍ത്ഥ്യമാകൂവെന്ന് ഉറപ്പിക്കാനാവുകയുള്ളു. കര്‍ഷകര്‍ക്കും, വിവിധ മേഖലകളില്‍ ആശ്വാസം നല്‍കുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ട്. ഡിവിഡന്റ് വിതരണ നികുതി ഇല്ലാതാക്കിയതും വിദേശ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നതും ഒക്കെ വിപണിക്ക് ഉത്തേജനം പകരുന്ന കാര്യങ്ങള്‍തന്നെയാണ്. എന്നാല്‍ വിതരണ മേഖലയില്‍ ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍ വലിയതോതില്‍ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനുമുമ്ബ് കര്‍ഷകര്‍ക്ക് 6000 രൂപ നല്‍കാനുള്ള തീരുമാനം വന്നപോലെ അല്ലെങ്കില്‍ യു.പി.എ മന്ത്രിസഭയുടെ കാലത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയതുപോലെ വിപണിയെ രക്ഷപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ അധികം കാണാനില്ല. പണമില്ലാത്തവരുടെ കൈകളില്‍ പണം എത്തുമ്ബോഴാണ് ധനവിനിയോഗം കാര്യക്ഷമമാവുന്നത്.

അല്ലെങ്കില്‍ ഗവണ്‍മെന്റ് വിപുലമായ രീതിയില്‍ പണം ചെലവഴിക്കണം. ആ കാര്യത്തില്‍ കുറേക്കൂടി സൂക്ഷ്മമായ ഒരു സമീപനം കാട്ടേണ്ടതായിരുന്നു. എല്ലവരും പ്രതീക്ഷയോടെ കാത്തിരുന്ന ആദായ നികുതിയുടെ കാര്യമെടുത്താല്‍ 15 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആശ്വാസം കിട്ടിയെന്ന തോന്നലുണ്ടായി എന്ന് കാണാമെങ്കിലും ആനുകൂല്യങ്ങള്‍ എത്ര ലഭിക്കുമെന്നത് പറയാനാകില്ല. നിലവിലുണ്ടായിരുന്ന രണ്ട് സ്ളാബുകള്‍ക്ക് പകരം അഞ്ച് സ്ളാബുകള്‍ വന്നിട്ടുണ്ട്. പക്ഷേ നികുതി ഇളവുകള്‍ക്കുളള മാര്‍ഗങ്ങള്‍ ഭൂരിഭാഗവും ഒഴിവാക്കുന്നതിലൂടെ പ്രതീക്ഷിച്ച ഗുണം പൂര്‍ണമായി കിട്ടുമോയെന്ന സംശയം ബാക്കി നില്‍ക്കുന്നു. ബഡ്ജറ്റില്‍ പൊതുവേ തൊഴില്‍ സൃഷ്ടിക്കാനുള്ള അവസരങ്ങളെക്കുറിച്ച്‌ പറയുന്നുണ്ടെങ്കിലും അവ വ്യക്തമായി വിശദീകരിക്കുന്നില്ല. ചെറുകിട ഇടത്തരം വ്യവസായ മേഖലകള്‍ക്കായി ചില പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് കോടി രൂപ വിറ്റു വരവുള്ള കച്ചവടക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ആഡിറ്റിംഗ് വേണ്ട എന്നത് ഒട്ടേറെപ്പേര്‍ക്ക് പ്രയോജനം ചെയ്യും.

എന്നാല്‍ 5 ശതമാനത്തില്‍ കൂടുതല്‍ പണമിടപാട് പാടില്ലാത്തതിനാല്‍ അവര്‍ ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് മാറേണ്ടിയുംവരും. കാര്‍ഷിക മേഖലയ്ക്ക് വിപുലമായ പദ്ധതികള്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സൗരോര്‍ജ ഉത്പാദനവും കൃഷിയും സംയോജിപ്പിക്കുന്നത് നല്ലതാണ്. 35 ലക്ഷം കര്‍ഷകര്‍ക്ക് സൗരോര്‍ജ പമ്ബ് നല്‍കും. തരിശുഭൂമിയില്‍ സൗരോര്‍ജ പാടങ്ങള്‍ ആരംഭിക്കാന്‍ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ജൈവ കൃഷിയോട് അനുഭാവം പുലര്‍ത്തുകയും രാസവള സബ്സിഡി എടുത്തുകളയുകയും ചെയ്തിരിക്കുന്നു. ഇത് രാസവള ഫാക്ടറികളെ ബാധിക്കാനിടയുണ്ട്. രാസവളത്തില്‍ നിന്ന് ജൈവവളത്തിലേക്ക് പോകുമ്ബോള്‍ കൃഷി ഉത്പാദനം എങ്ങനെയാകുമെന്ന ആശങ്കയും ഇല്ലാതില്ല. രാസവള ഫാക്ടറിക്കാര്‍ക്ക് നല്‍കിവന്ന സബ്സിഡി കര്‍ഷകന് കിട്ടാനുള്ള മാര്‍ഗങ്ങള്‍ ആരായേണ്ടിയിരുന്നു. വെയര്‍ഹൗസുകള്‍ രൂപീകരിക്കാനുള്ള തീരുമാനവും തീവണ്ടികളില്‍ കോള്‍ഡ് ചെയിന്‍ സ്ഥാപിക്കാനുള്ള തീരുമാനവും കര്‍ഷകര്‍ക്ക് വളരെയധികം ഗുണം ചെയ്യും. ഹോര്‍ട്ടികള്‍ച്ചര്‍ രംഗത്തും പുതിയ കാല്‍പയ്പുകള്‍ ഉണ്ട്. ഓരോ ജില്ലയ്ക്കും ഓരോ ഉത്പന്നമെന്നത് നല്ല പദ്ധതിയാണ്.

കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഭൂപരിഷ്കരണ നിയമങ്ങളുടെ നൂലാമാലകള്‍ കാരണം ഇത് നമ്മള്‍ക്ക് എത്രമാത്രം പ്രയോജനപ്പെടുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ആ നിയമത്തില്‍ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് ഭൂമി കൊടുക്കരുതെന്ന് പറയാം.പക്ഷെ എന്തു വേണമെങ്കിലും കൃഷിചെയ്യുനുള്ള അവകാശം ഭൂവുടമയ്ക്ക നല്‍കുക തന്നെ വേണം. വിദ്യാഭ്യാസ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപവും വിദേശ വായ്പ സ്വീകരിക്കലും പ്രോത്സാഹിപ്പിക്കുന്നത് സ്വാഗതാര്‍ഹമാണ്. സ്വകാര്യ മേഖലയെ സഹകരിപ്പിച്ചാലേ ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുകയുള്ളൂ. കൊച്ചിയില്‍ ഒരു സ്വകാര്യ സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ അംഗീകാരം കൊടുത്തതുപോലെ അതൊരു നയമാക്കിയാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഈ മേഖലയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനായേക്കും.

വിദേശത്ത് തൊഴില്‍ തേടിപ്പോകുന്നവര്‍ക്കളള ബ്രിഡ്ജ് കോഴ്സുകള്‍ തുടങ്ങാനുള്ള തീരുമാനവും കേരളത്തിന് ഗുണകരമാവും. ഇന്‍വസ്റ്റ്മെന്റ് ക്ളിയറന്‍സ് സെല്‍ രൂപീകരിക്കുന്നത് വ്യവസായം സുഗമമായി നടത്താന്‍ സഹായിക്കും. പുതിയ സ്റ്റാര്‍ട്ടപ്പ് നഗരപദ്ധതികളും, ഇലക്‌ട്രോണിക്, നെറ്റ് വര്‍ക്ക് നിര്‍മ്മാണം എന്നിവയിലും കേരളത്തിന് ഇതര സംസ്ഥാനങ്ങളോട് മത്സരിച്ച്‌ നേടാന്‍ ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്. നാച്വുറല്‍ ഗ്യാസ് ഗ്രിഡ് ഇരട്ടിയാക്കുമ്ബോള്‍ ദക്ഷിണ കേരളത്തിലും അതിന്റെ പ്രയോജനം കിട്ടുമോയെന്ന് നോക്കണം. നാഷണല്‍ മിഷന്‍ ഓണ്‍ ക്വാണ്ടം ടെക്നോളജി രൂപീകരിക്കുമെന്നത് ഏറ്റവും സ്വാഗതാര്‍ഹമായ തീരുമാനമാണ്.

ഇന്ത്യ ഒരു വന്‍ ശക്തിയാണെന്ന് ഇത് തെളിയിക്കും വിദേശത്ത് വളരെ ഉയര്‍ന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരെ അടക്കം ഇങ്ങോട്ടേക്ക് ആകര്‍ഷിക്കാന്‍ ഈ പദ്ധതിക്കു കഴിയണം. കേരളത്തെ സംബന്ധിച്ചിടത്തോളം ബഡ്ജറ്റ് ഗുണകരമാണെന്ന് പറയാനാകില്ല. കേരളം പല രംഗങ്ങളിലും മുന്നില്‍ നില്‍ക്കുമ്ബോള്‍ മുന്‍ഗണനാ മാനദണ്ഡങ്ങള്‍ നമ്മള്‍ക്ക് പല വിഷയങ്ങളിലും ബാധകമാവുകയുമില്ല. സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തിന്റെ മാതൃകാ നിയമങ്ങള്‍ നടപ്പിലാക്കിയാല്‍ പിന്തുണ ലഭിക്കുമെന്ന പ്രസ്താവനയില്‍ ബഡ്ജറ്റിന്റെ രാഷ്ട്രീയവുമടങ്ങിയിട്ടുണ്ട്.