ലഖ്നൗ; വിശ്വഹിന്ദു മഹാസഭ നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു. വിശ്വഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് രഞ്ജിത് ബച്ചനാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. പ്രഭാത സവാരിക്കിടെയാണ് സംഭവം. രാവിലെ നടക്കാന്‍ ഇറങ്ങിയ രഞ്ജിത്തിന് നേരെ ബൈക്കിലെത്തിയ അജ്ഞാതര്‍ നിറയൊഴിക്കുകയായിരുന്നു.

നേതാവിന്റെ തലയിലേയ്ക്കാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. മൂന്ന് നാല് വട്ടമാണ് നിറയൊഴിച്ചത്. രഞ്ജിത് തല്‍ക്ഷണം മരിച്ചു. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിലെ സിഡിആര്‍ഐ കെട്ടിടത്തിന് സമീപമാണ് സംഭവം.

വെടിവെയ്പ്പില്‍ രഞ്ജിത് ബച്ചന്റെ സഹോദരനും വെടിയേറ്റു. പരിക്കുകളോടെ ഇയാളെ ട്രോമോ സെന്ററിലേയ്ക്ക് മാറ്റിയിരിക്കികയാണ്. ഗൊരഖ്പൂര്‍ സ്വദേശിയാണ് രഞ്ജിത് ബച്ചന്‍.ഉത്തര്‍പ്രദേശ് തലസ്ഥാനത്തെ കേന്ദ്ര പ്രദേശത്ത് പുലര്‍ച്ചെയുണ്ടായ വെടിവെയ്പ്പ് പ്രദേശത്ത് ആശങ്കയ്ക്കും നേരിയ സംഘര്‍ഷത്തിനും വഴിവെച്ചു.