തിരുവനന്തപുരം: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ.തോമസ് മത്സരിക്കും. ഇതു സംബന്ധിച്ച് എന്‍സിപിയുടെ തീരുമാനം രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടാകും. നാളെ നടക്കുന്ന എന്‍സിപി ജില്ലാ കമ്മിറ്റിയില്‍ തോമസ് കെ. തോമസിന്റെ പേര് ഐക്യകണ്‌ഠ്യേന പാസാകും. ചില പേരുകള്‍ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ടെങ്കിലും സംസ്ഥാന കമ്മിറ്റിക്ക് തോമസ് കെ. തോമസിനോടാണ് പ്രിയം. ഇതു സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്ററുമായി തോമസ് കെ. തോമസ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലും എല്‍ഡിഎഫിന് താത്പര്യം തോമസ് കെ.തോമസിനോടാണ്.

കുട്ടനാട് നിയമസഭാ മണ്ഡലത്തില്‍ തോമസ് ചാണ്ടിയോളം പ്രിയങ്കരനാണ് തോമസ് കെ.തോമസും. വിവിധ സാമൂഹിക സാംസ്‌ക്കാരിക മേഖലകളിലെ നിറസാന്നിധ്യമായ തോമസിന് മതമേലധ്യക്ഷന്മാരുടെ പിന്തുണയുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സഹതാപ തരംഗം കൂടി മുതലെടുക്കാനായാല്‍ തോമസ് കെ. തോമസിന്റെ വിജയം ഉറപ്പാണ്. 2016-ല്‍ തോമസ് ചാണ്ടി 4891 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസിന്റെ അഡ്വ. ജേക്കബ് എബ്രഹാമിനെ പരാജയപ്പെടുത്തിയത്. തോമസ് ചാണ്ടിയുടെ തുടര്‍ച്ചയായ രണ്ടാം വിജയമായിരുന്നു ഇത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ട യുഡിഎഫ് സീറ്റില്‍ അവര്‍ക്കിടയില്‍ തന്നെ തമ്മില്‍ തല്ലു നടക്കുമ്പോള്‍ എല്‍ഡിഎഫിനു വേണ്ടി എന്‍സിപി സീറ്റ് നിലനിര്‍ത്തുക തന്നെ ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കന്മാരുടെ പിന്തുണയും തോമസ് കെ. തോമസിനാണ് ഉള്ളത്. കഴിഞ്ഞതവണ എന്‍സിപി നേടിയ 50114 വോട്ടുകള്‍ മറികടക്കുകയാണ് തോമസ് കെ. തോമസ് ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ സുഭാഷ് വാസു കൂടി രംഗത്തു വന്നതോടെ ത്രികോണ മത്സരത്തിന്റെ പ്രതീതി ഉയര്‍ത്തിയ മണ്ഡലത്തില്‍ ഇത്തവണ ബിഡിജെഎസ് പേരിനു പോലുമില്ലെന്നതും എന്‍സിപിയുടെ വിജയശതമാനം വര്‍ദ്ധിപ്പിക്കും. 33044 വോട്ടുകളാണ് ബിഡിജെഎസ് പിടിച്ചെടുത്തത്. ഇതില്‍ ബഹുഭൂരിപക്ഷവും തോമസ് കെ. തോമസിന്റെ വോട്ടുപെട്ടി നിറയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണസദസ്സില്‍ ഇടതുപക്ഷ നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ കഴിഞ്ഞ ദിവസം തോമസ് കെ. തോമസ് സംസാരിക്കുകയും ചെയ്തു. മാണി സി. കാപ്പന്‍, ശശിധരന്‍, പീതാംബരന്‍ മാസ്റ്റര്‍ എന്നീ എന്‍സിപി നേതാക്കളുടെ പിന്തുണയും തോമസ് കെ. തോമസിനു നിലവിലുണ്ട്. ഇതു കൂടാതെ മണ്ഡലത്തിലെ മറ്റു മതനേതാക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും അകമഴിഞ്ഞ പിന്‍ബലവും ഇദ്ദേഹത്തിനുണ്ട്. മണ്ഡലത്തിലെ വിവിധ സാമൂഹിക കാര്യങ്ങളില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റേത്. രാഷ്ട്രീയത്തില്‍ മാത്രമല്ല, എല്ലാ മണ്ഡലങ്ങളിലും പൊതുസമ്മതന്‍ എന്ന ലേബലാണ് തോമസ് കെ. തോമസിനെ കുട്ടനാടിന്റെ പ്രിയപ്പെട്ടവനാക്കി മാറ്റുന്നത്. ഉപതെരഞ്ഞെടുപ്പ് അതു ശരിവയ്ക്കുകയും ചെയ്യും.