വാഷിങ്ടന്‍ ഡിസി: ജനുവരി 8 ന് ഇറാഖി എയര്‍ ബേസില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തലച്ചോറിനു ക്ഷതം സംഭവിച്ചവരുടെ എണ്ണം 64 ആയതായി ജനുവരി 30ന് പെന്റഗണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ജനുവരി 3ന് ജനറല്‍ കാസിം സൊലൈമാനിയെ ഡ്രോണ്‍ ഉപയോഗിച്ചു വധിച്ചതിനു പ്രതികാരമായിട്ടാണ് ഇറാഖിലെ അല്‍ ആസാദ് എയര്‍ ബേസില്‍ ഇറാന്‍ മിസൈല്‍ അക്രമണം നടത്തിയത്. മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റില്ല എന്ന പ്രസ്താവന ഒരാഴ്ചയ്ക്കുശേഷം പെന്റഗണ്‍ തിരുത്തി. 11 പേര്‍ക്ക് തലച്ചറിന് ക്ഷതം  സംഭവിച്ചതായി ആദ്യം സ്ഥിരീകരിച്ചു. ജനുവരി 24ന് പരുക്കേറ്റവരുടെ എണ്ണം 34 ആണെന്ന് പ്രസ്താവനയിറക്കി. ജനുവരി 28 ന് വീണ്ടും പ്രസ്താവന ഇറക്കിയതില്‍ സംഖ്യ 50 ആയി ഉയര്‍ന്നു. ഏറ്റവും ഒടുവില്‍ ജനുവരി 30 വ്യാഴാഴ്ചയാണ് 64 പേര്‍ക്ക് പരുക്കേറ്റതായി പെന്റഗണ്‍ വ്യക്തമാക്കിയത്. പരുക്കേറ്റ 64 പേരില്‍ 39 പേര്‍ തിരികെ സര്‍വീസില്‍ പ്രവേശിച്ചുവെന്നും 21 പേരെ കൂടുതല്‍ പരിശോധനയ്ക്കായി ജര്‍മനിയിലേക്ക് അയച്ചുവെന്നും പെന്റഗണ്‍ വെളിപ്പെടുത്തി.
പ്രസിഡന്റ് ട്രംപ് സൈനികരുടെ സ്ഥിതിയെ കുറിച്ചു സസൂഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു. വിദഗ്ധ ചികിത്സക്കു ശേഷം സര്‍വീസില്‍ തിരിച്ചെത്തുന്നതിനു സൈനീകര്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തതായി എസ്‌പേര്‍ അറിയിച്ചു.