കലിഫോര്‍ണിയ: ഈയ്യിടെ ഇന്ത്യയില്‍ നിലവില്‍ വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമേരിക്കന്‍ ഗവണ്‍മെന്റ് നിശബ്ദത പാലിക്കുന്നുവെന്ന് കടുത്ത വിമര്‍ശനവുമായി കലിഫോര്‍ണിയയില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ യുഎസ് ഹൗസ് പ്രതിനിധിയും ഡെമോക്രാറ്റുമായ  അമി ബേറെ രംഗത്ത്. ഏഷ്യ, പസഫിക്, ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി, യുഎസ് ഹൗസ് അധ്യക്ഷന്‍ കൂടിയാണ് അമിബേറ. കഴിഞ്ഞ വാരാന്ത്യം അമേരിക്കന്‍ പ്രസിഡന്റ് ഡമോക്രാറ്റിക് െ്രെപമറിയില്‍ മത്സരിക്കുന്ന ജൊ ബൈഡനെ എന്‍ഡോഴ്‌സ് ചെയ്തു. മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് അമിബേറ തന്റെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചത്.
ഏഷ്യന്‍ പസഫിക് റീജിയണില്‍ അമേരിക്കന്‍ വിദേശ നയത്തില്‍ ഒരു ശൂന്യത നിലനില്ക്കുന്നുണ്ടെന്നു അമിബേറ കുറ്റപ്പെടുത്തി.
ബംഗ്ലാദേശില്‍ നിന്നും, പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും അഭയാര്‍ഥികളായി ഇന്ത്യയില്‍ എത്തിയ മുസ്‌ലിം മതവിഭാഗങ്ങള്‍ക്കൊഴികെ എല്ലാവര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്നു. ഇന്ത്യന്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നതായി അമിബേറ ചൂണ്ടിക്കാട്ടി. ഇതു ഇന്ത്യയുടെ മതേതരത്വ സ്വഭാവത്തെ പോലും നഷ്ടപ്പെടുത്തുന്നതാണെന്നും അമി പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനുശേഷം മോദി ഗവണ്‍മെന്റ് അവിടെ അഴിച്ചുവിട്ട കിരാത നടപടികളേയും അദ്ദേഹം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഈ രണ്ടു വിഷയങ്ങളിലും ട്രംപ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും  നിശബ്ദത പാലിക്കുന്നതു ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും അമേരിക്കയുമായി ഊഷ്മള ബന്ധം കാത്തു സൂക്ഷിക്കുന്നതിന് ഇതു വിഘാതമാകുമെന്നും ബേറ മുന്നറിയിപ്പു നല്‍കി.