ചെന്നൈ: തെന്നിന്ത്യന്‍ താരം അമലപോളിന്റെയും സംവിധായകന്‍ എ.എല്‍. വിജയ്‌യുടെയും വിവാഹമോചനം വീണ്ടും ചര്‍ച്ചയാകുന്നു. ഇവര്‍ തമ്മിലുള്ള വിവാഹമോചനത്തിന് പിന്നില്‍ നടന്‍ ധനുഷാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിജയ്‌യുടെ പിതാവ് അളകപ്പന്‍. വിജയ്‌യുമായുള്ള വിവാഹത്തിന് ശേഷം അമല പോള്‍ അഭിനയിക്കില്ലെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ ധനുഷ് നിര്‍മ്മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അമല പോള്‍ ഇതിന് മുന്‍പ് തന്നെ കരാര്‍ ഒപ്പിട്ടിരുന്നു. തുടര്‍ന്ന് ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചുവെന്നും ഇതോടെ അമല അതിന് തയ്യാറായെന്നും ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അളകപ്പന്‍ പറയുന്നു.

അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്ന് അളകപ്പന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. ധനുഷിനെതിരെയും ഇദ്ദേഹം രംഗത്തെത്തിയിരുന്നു. അതേസമയം അമല പോള്‍ അഭിനയിക്കുന്നതിന് താന്‍ ഒരിക്കലും വിലങ്ങുതടിയായിട്ടില്ലെന്നായിരുന്നു വിജയ് വ്യക്തമാക്കിയിരുന്നത്. സത്യസന്ധതയും വിശ്വാസവുമാണ് ഒരു ബന്ധത്തിന്റെ അടിത്തറ. അതുപോയാല്‍ പോയി. വിവാഹബന്ധമെന്ന വ്യവസ്ഥിതിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്നും വിജയ് പറഞ്ഞിരുന്നു.