കൊറോണ വൈറസ് രോഗംമൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 213 ആയി. പതിനായിരം പേർക്കു രോഗം സ്ഥിരീകരിച്ചു. ചൈനയ്ക്കു പുറമേ 22 രാജ്യങ്ങളിലായി നൂറിലധികം പേർക്ക് രോഗം പിടിപെട്ടതായി റിപ്പോർട്ടുണ്ട്.ലോകാരോഗ്യസംഘടന വ്യാഴാഴ്ച ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
എന്നാൽ, രാജ്യാതിർത്തികൾ അടയ്ക്കുന്നതിനോടു യോജിപ്പില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് ക്രിസ്റ്റീൻ ലിൻമെയിർ ജനീവയിൽ റിപ്പോർട്ടർമാരോടു പറഞ്ഞു. അതിർത്തികൾ അടയ്ക്കുന്നത് രോഗം വ്യാപിക്കാനേ ഇടയാക്കൂ. ഔദ്യോഗിക അതിർത്തി അടച്ചാലും ജനങ്ങളുടെ സഞ്ചാരം പൂർണമായി തടയാനാവില്ല. അന്തർദേശീയ വാണിജ്യത്തിനും യാത്രകൾക്കും വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങൾ അതു പുനഃപരിശോധിക്കണമെന്നും ലോകാരോഗ്യസംഘടന നിർദേശിച്ചു. റഷ്യയും മംഗോളിയയും കഴിഞ്ഞദിവസം ചൈനയുമായുള്ള തങ്ങളുടെ അതിർത്തി അടച്ചിരുന്നു,
എന്നാൽ, നിരവധി രാജ്യങ്ങൾ ചൈനയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. യുകെ, ഓസ്ട്രേലിയ, സൗത്ത് കൊറിയ, സിംഗപ്പൂർ, ന്യൂസിലൻഡ് തുടങ്ങി നിരവധി രാജ്യങ്ങൾ ചൈനയിൽനിന്നുള്ള യാത്രക്കാരെ രണ്ടാഴ്ചത്തേക്ക് ക്വാറന്റൈനിൽ പാർപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മറ്റു രാജ്യങ്ങളിൽ കുടുങ്ങിയ വുഹാൻ നിവാസികളായ ചൈനക്കാരെ തിരികെക്കൊണ്ടുവരാൻ പ്രത്യേക വിമാനങ്ങൾ അയയ്ക്കുമെന്നു ചൈന വ്യക്തമാക്കി. വിദേശത്ത് ഇവർക്കു നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണിത്. വുഹാനിലാണ് ആദ്യം കൊറോണ വൈറസ് ബാധയുണ്ടായത്.
ഇതിനിടെ റോമിൽ രണ്ടുചൈനീസ് ടൂറിസ്റ്റുകൾക്ക് രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് ഇറ്റാലിയൻ സർക്കാർ പ്രത്യേക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയിലേക്കും ചൈനയിൽനിന്നുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കുമെന്നും സർക്കാർ വക്താവ് അറിയിച്ചു. എന്നാൽ ഇറ്റാലിയൻ തുറമുഖത്തു കഴിഞ്ഞദിവസം തടഞ്ഞുവച്ച ആഡംബരക്കപ്പലിലെ ഏഴായിരം പേരെയും പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും ആർക്കും രോഗബാധ കണ്ടെത്തിയില്ല.