ബാംഗ്ലൂർ: 15- മത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ 2020 മാർച്ച് 31 വരെ സമർപ്പിക്കാം. ആസ്ട്രേലിയയിലെ മെൽബൺ മന്ത്ര ബെൽ സിറ്റിയിൽ  ഒക്ടോബർ 3നു 2020 ലെ ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ സമ്മാനിക്കും.

സ്വപ്രയത്‌നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബംഗ്ലൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്.

സാമൂഹ്യ സേവനം, ബിസിനസ് രംഗങ്ങളിൽ മികവ് പുലർത്തുന്ന പ്രവാസി മലയാളികളെയും വിദേശത്തു വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച കുട്ടികളെയും ഗർഷോം പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യാം. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സ്തുത്യർക്കമായ സേവനം നടത്തുന്ന മലയാളി സംഘടനകളെയും പ്രവാസി മലയാളികളുടെ മികവുറ്റ മാതൃക സംരംഭങ്ങളെയും ഗർഷോം പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്.

നാമനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://www.garshomonline.com/garshom-awards/ സന്ദർശിക്കുക.

15- മത് ഗർഷോം രാജ്യാന്തര പുരസ്‌കാര ദാനത്തോടനുബന്ധിച്ചു നടക്കുന്ന ഗർഷോം ഗ്ലോബൽ കോൺഫറൻസ് ഒക്ടോബർ 1 മുതൽ 5 വരെ മെൽബണിൽ നടക്കുമെന്നു ഗർഷോം ഫൌണ്ടേഷൻ പ്രസിഡണ്ട് ജിൻസ് പോൾ അറിയിച്ചു.   എന്റെ കേരളം  ആസ്ട്രേലിയയാണ് ചടങ്ങുകൾക്ക് ആതിഥ്യമരുളുന്നത്.