അലിഗഡ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായി അലിഗഡ് മുസ്ലിം സർവകലാശാലയിൽ പ്രസംഗിച്ചതിന് അറസ്റ്റിലായ ഡോക്ടർ കഫീൽ ഖാനെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. ജുഡീഷൽ കസ്റ്റഡിയിൽനിന്നു കഫീൽ ഖാനെ പിന്നീട് മഥുര ജയിലിലേക്കു മാറ്റി.
പൗരത്വ ഭേദഗതിക്കെതിരെ ഡിസംബറിൽ അലിഗഡ് മുസ്ലിം സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കഫീൽ ഖാനെ അറസ്റ്റു ചെയ്തത്. പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും ഹിന്ദു, സിഖ്, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗക്കാർക്കെതിരെ വിദ്വേഷം വളർത്തുന്ന രീതിയിലായിരുന്നു കഫീൽ ഖാന്റെ പ്രസംഗമെന്നും എഫ്ഐആറിൽ ആരോപിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കായി കഫീൽ ഖാൻ മുംബൈയിൽ എത്തിയപ്പോഴാണ് അറസ്റ്റു ചെയ്തത്.
ഉത്തർപ്രദേശിലെ ഗൊരഖ്പുർ ബിആർഡി മെഡിക്കൽ കോളജിൽ ഓക്സിജനില്ലാതെ കുട്ടികൾ മരിച്ച വാർത്തയുമായി ബന്ധപ്പെട്ടാണു കഫീൽ ഖാൻ വാർത്തകളിൽ നിറയുന്നത്. അന്നു സ്വന്തം നിലയ്ക്ക് കഫീൽ ഖാൻ ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രിയിൽ എത്തിച്ചു രക്ഷാപ്രവർത്തനം നടത്തിയിരുന്നു. പക്ഷേ, സംഭവത്തിന് പിന്നാലെ സസ്പെൻഷനിലായ കഫീൽ ഖാൻ ഒന്പതു മാസമാണ് ജയിലിൽ കഴിഞ്ഞത്