സേവന–വേതന കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ നടത്തുന്ന രണ്ടുനാളത്തെ ദേശീയ പണിമുടക്കിന്റെ ആദ്യദിനം പൂര്‍ണം. അഖിലേന്ത്യാതലത്തില്‍ പത്തുലക്ഷം ജീവനക്കാര്‍ പണിമുടക്കി. സംസ്ഥാനത്ത്‌ നാല്‍പ്പതിനായിരത്തോളം പേരും. വാണിജ്യബാങ്കുകളുടെ നാലായിരത്തോളം ശാഖകളും ഓഫീസുകളും പൂര്‍ണമായി സ്തംഭിച്ചു. ബെഫി ഉള്‍പ്പെടെയുള്ള ഒമ്ബത് സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ്‌ പണിമുടക്ക്‌.

2017 ഒക്ടോബര്‍ 31ന് കാലാവധി തീര്‍ന്ന കരാര്‍ പുതുക്കാത്ത ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ (ഐബിഎ) നിലപാടാണ്‌ പണിമുടക്കിലേക്ക്‌ നയിച്ചത്‌. യൂണിയനുകളും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി 40 വട്ടം ചര്‍ച്ച നടന്നെങ്കിലും ഒത്തുതീര്‍പ്പിന് ഐബിഎ തയ്യാറായില്ല.
പണിമുടക്കിയ ജീവനക്കാരും ഓഫീസര്‍മാരും ജില്ലാകേന്ദ്രങ്ങളിലും ഏരിയ കേന്ദ്രങ്ങളിലും പ്രകടനവും ധര്‍ണയും നടത്തി. കോഴിക്കോട്ടു ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ ബാബു പാറശേരിയും കണ്ണൂരില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി പി ദിവ്യയും പാലക്കാട്ട് എം ബി രാജേഷും ഉദ്‌ഘാടനം ചെയ്‌തു. തിരുവനന്തപുരത്ത്‌ വി കെ പ്രശാന്ത്‌ എംഎല്‍എ, കൊല്ലത്ത്‌ എഐടിയുസി സംസ്ഥാന പ്രസിഡന്റ്‌ ജെ ഉദയഭാനു, പത്തനംതിട്ടയില്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, തൃശൂരില്‍ സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം പി കെ ഷാജന്‍, എറണാകുളത്ത്‌ എഐടിയുസി ജില്ലാ സെക്രട്ടറി കെ എന്‍ ഗോപി എന്നിവരും ഉദ്ഘാടനം ചെയ്തു.

സി ജെ നന്ദകുമാര്‍, സി ഡി ജോസണ്‍, ടി നരേന്ദ്രന്‍, എബ്രഹാം ഷാജി ജോണ്‍, പി അനിത, എസ്‌ അഖില്‍, എല്‍ ബി എന്‍ പ്രഭു, കെ വിനോദ്കുമാര്‍, കെ ശിവരാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മറ്റു ജില്ലകളില്‍ ജീവനക്കാര്‍ പ്രകടനം നടത്തി.