അന്തരിച്ച തോമസ്‌ ചാണ്ടി നിയമസഭാംഗമെന്ന നിലയിലും മന്ത്രിയെന്ന നിലയിലും മികവാര്‍ന്ന വ്യക്തിത്വമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അനുസ്‌മരിച്ചു. നേടിയതെല്ലാം നാടിനും നാട്ടുകാര്‍ക്കും ഉപകരിക്കുന്ന തരത്തില്‍ വിനിയോഗിക്കാന്‍ പ്രവാസഘട്ടത്തിലും അദ്ദേഹം ആഗ്രഹിച്ചു– തോമസ്‌ ചാണ്ടിക്ക്‌ ചരമോപചാരമര്‍പ്പിച്ച്‌ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യവസായി എന്ന നിലയില്‍ പല സാധ്യതകളും ഉപേക്ഷിച്ച്‌ നാടിന്റെ അഭിവൃദ്ധിക്കായാണ്‌ അദ്ദേഹം പ്രവര്‍ത്തിച്ചത്‌. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ വലിയ സഹായമാണ്‌ നടത്തിയത്‌.

പൊതുകാര്യങ്ങള്‍ക്കുപോലും സ്വന്തം പണമെടുത്ത്‌ ചെലവഴിച്ചു. പണമെറിഞ്ഞ്‌ പണമുണ്ടാക്കലല്ല, പണംകൊണ്ട്‌ പതിനായിരങ്ങള്‍ക്ക്‌ ജീവിതസാഹചര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയമുള്‍പ്പെടെയുള്ള പ്രതിസന്ധി ഘട്ടത്തില്‍ കുട്ടനാട്ടിലെ ജനങ്ങള്‍ക്കൊപ്പംനിന്ന്‌ അവരുടെ കണ്ണീരൊപ്പിയ നേതാവായിരുന്നു തോമസ്‌ ചാണ്ടിയെന്ന്‌ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, മന്ത്രിമാരായ പി തിലോത്തമന്‍, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കക്ഷി നേതാക്കളായ മാത്യു ടി തോമസ്‌, പി ജെ ജോസഫ്‌, വി കെ ഇബ്രാഹിംകുഞ്ഞ്‌, അനൂപ്‌ ജേക്കബ്‌, കെ ബി ഗണേശ്‌കുമാര്‍, ഒ രാജഗോപാല്‍ എന്നിവരും സംസാരിച്ചു. ചരമോപചാരത്തെതുടര്‍ന്ന്‌ നിയമസഭ വെള്ളിയാഴ്‌ചത്തേക്ക്‌ പിരിഞ്ഞു. തിങ്കളാഴ്‌ച വീണ്ടും ചേരും.