വയനാട്ടില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യവും പ്രവര്‍ത്തനവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശനിയാഴ്‌ച ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേരും. പകല്‍ 11ന്‌ കലക്ടറേറ്റിലാണ്‌ യോഗം. ചീഫ്‌ സെക്രട്ടറി ടോം ജോസ്‌, ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ എന്നിവര്‍ക്കു പുറമെ കലക്ടര്‍, ജില്ലാ പൊലീസ്‌ മേധാവി, റവന്യു, വനം, പട്ടികവര്‍ഗ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. മാവോയിസ്റ്റ്‌ സാന്നിധ്യം അവലോകനം ചെയ്യും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനുള്ള തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടാകും. കോളനികളില്‍ നടപ്പാക്കേണ്ട വികസന പദ്ധതികള്‍ ചര്‍ച്ചചെയ്യും.

ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച്‌ കോളനികളില്‍ സ്വാധീനമുണ്ടാക്കാനുള്ള ശ്രമങ്ങളാണ്‌ മാവോയിസ്റ്റുകള്‍ നടത്തുന്നത്‌. ആഴ്‌ചകള്‍ക്കുമുമ്ബ്‌ വയനാട്‌ മുണ്ടക്കൈയില്‍ സ്വകാര്യ റിസോര്‍ട്ടിനുനേരെ മാവോയിസ്റ്റുകളുടെ അക്രമം ഉണ്ടായി. മാവോയിസ്റ്റുകളുടെ കബനി, നാടുകാണി ദളങ്ങളുടെ പ്രവര്‍ത്തനം വയനാട്ടില്‍ വര്‍ധിക്കുന്നതായാണ്‌ പൊലീസ്‌ റിപ്പോര്‍ട്ട്‌.