തിരുവനന്തപുരം: ബിഎസ്എൻഎൽ കേരള സർക്കിളിലെ പകുതിയോളം ജീവനക്കാർ വെള്ളിയാഴ്ച വിരമിച്ചു. സംസ്ഥാനത്തെ 9314 ജീവനക്കാരിൽ 4589 പേരാണ് കേന്ദ്ര സർക്കാരിന്റെ സ്വയം വിരമിക്കൽ പദ്ധതി പ്രകാരം വെള്ളിയാഴ്ച സർവീസിൽ നിന്നു വിരമിച്ചത്.
ഗ്രൂപ്പ് ഡി മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ളവർ സ്വയം വിരമിക്കൽ പദ്ധതി പ്രകാരം പിരിഞ്ഞു പോയിരുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് പ്രകാരമാണ് 50 വയസിനു മുകളിലുള്ളവർക്കു സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചത്. 40 മാസത്തെ ശന്പളത്തിനു തുല്യമായ തുകയാണു പദ്ധതി പ്രകാരമാണു ഭൂരിഭാഗം പേർക്കും ലഭിച്ചതെന്നാണു പറയുന്നത്.
ജീവനക്കാർ കൂട്ടത്തോടെ പിരിഞ്ഞു പോയതിനെ തുടർന്നു തടസപ്പെട്ട കൗണ്ടർ വഴിയുള്ള ബിൽ പേയ്മെന്റുകളും സിംകാർഡ് വിതരണവും അടക്കമുള്ള അടിസ്ഥാന സേവനങ്ങൾ 10 ദിവസത്തിനകം പൂർണമായി പുനഃസ്ഥാപിക്കുമെന്നു അധികൃതർ അറിയിച്ചു.
അടിസ്ഥാന സേവനങ്ങൾ അടക്കം പുറംകരാർ നൽകി പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതികളാണു നടന്നു വരുന്നത്. ഇപ്പോൾ വിആർഎസ് എടുത്തിട്ടുള്ള സാങ്കേതിക വൈദഗ്ധ്യം വേണ്ടുന്ന മേഖലകളിലെ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നു.