കാസർഗോഡ്: ബലാത്സംഗ കേസിൽ ആറു വർഷം തടവുശിക്ഷ അനുഭവിച്ചശേഷം പുറത്തിറങ്ങിയ ഓട്ടോ ഡ്രൈവർ ബാലികയെ പീഡിപ്പിച്ച കേസിൽ വീണ്ടും അറസ്റ്റിൽ. മൗവ്വാർ ഗൗരിയടുക്കം കൈയാല മൂലയിലെ ഭാസ്കരനാണ് അറസ്റ്റിലായത്.
ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബാലികയെ 2019 ജൂണ്‍ മുതൽ 2020 ജനുവരി 21 വരെയുള്ള കാലയളവിൽ പീഡിപ്പിച്ചുവെന്നാണു പരാതി. പീഡനത്തിനിരയായ കുട്ടി ഭാസ്കരന്റെ ഓട്ടോറിക്ഷയിലാണ് സ്ഥിരമായി സ്കൂളിലേക്കു പോയിരുന്നത്. ഭയം കാരണം ഇത്രയുംനാൾ കുട്ടി വീട്ടുകാരോടു പീഡനവിവരം പറഞ്ഞിരുന്നില്ല. കഴിഞ്ഞദിവസമാണു ഭാസ്കരൻ തന്നെ പീഡിപ്പിക്കുകയാണെന്ന കാര്യം വീട്ടുകാരോടു കുട്ടി വെളിപ്പെടുത്തിയത്.
ഇതോടെ വീട്ടുകാർ ചൈൽഡ് ലൈനിനു വിവരം നൽകുകയും ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയോടു വിവരങ്ങൾ ആരാഞ്ഞശേഷം പോലീസിൽ പരാതി നൽകുകയുമായിരുന്നു. 2003-ൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഭാസ്കരനെ 2011-ൽ ആറു വർഷം തടവിനു ശിക്ഷിച്ചിരുന്നു.