ന്യൂഡല്‍ഹി: ജാമിയ മിലിയ വിദ്യാര്‍ഥികളുടെ ലോംഗ് മാര്‍ച്ചിനു നേരെയുണ്ടായ വെടിവയ്പില്‍ പ്രതിഷേധിച്ച് ഡല്‍ഹി പോലീസ് ആസ്ഥാനം ഉപരോധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അറുപതോളം സമരക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടികളടക്കമുള്ളവരെ വലിച്ചിഴച്ചാണ് പോലീസ് ബസില്‍ കയറ്റിക്കൊണ്ടുപോയത്. ഇന്നലെ രാത്രി മുതല്‍ ഐറ്റിഒയിലെ പോലീസ് ആസ്ഥാനം സമരക്കാര്‍ ഉപരോധിച്ചിരുന്നു.
അതേസമയം, അക്രമിയുടെ വെടിയേറ്റ് പരിക്ക് പറ്റിയ വിദ്യാര്‍ഥിയെ ഡല്‍ഹി എംയിസില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. വിദ്യാര്‍ഥിയുടെ ചികിത്സാ ചെലവ് ജാമിയ മിലിയ സര്‍വകലാശാല ഏറ്റെടുക്കുമെന്ന് വൈസ് ചാന്‍സിലര്‍ നജ്മ അക്തര്‍ പറഞ്ഞു. മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥി ഷദാബ് നജര്‍ ഫറൂകിനാണ് വെടിവയ്പില്‍ പരിക്കേറ്റത്. കൈക്കു ഗുരുതര പരിക്കേറ്റ ഷദാബിനെ പോലീസാണ് തൊട്ടടുത്ത ഹോളി ഫാമിലി ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ഷദാബിനെ എയിംസിലേക്ക് മാറ്റുകയായിരുന്നു. ഒന്നാം വര്‍ഷ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ ഷദാബ് ഗായകനും വോയ്സ് ഓവര്‍ ആര്‍ട്ടിസ്റ്റുമാണ്.
രാജ്ഘട്ടിലേക്കായിരുന്നു ഗാന്ധിസമാധി ദിനത്തില്‍ വിദ്യാര്‍ഥികള്‍ മാര്‍ച്ച് ആസൂത്രണം ചെയ്തിരുന്നത്. ഹോളി ഫാമിലി ആശുപത്രി പരിസരത്തേക്ക് മാര്‍ച്ച് നീങ്ങുന്നതിനിടെയാണ് അക്രമി വെടിയുതിര്‍ത്തത്. നാടന്‍ തോക്കുമായി പ്രതിഷേധത്തിനിടെ കയറിക്കൂടിയ യുവാവ് പെട്ടെന്ന് സമരക്കാര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് ഇയാള്‍ പോലീസിനടുത്തേക്ക് നടന്നുചെന്ന് തോക്ക് കൈമാറി കീഴടങ്ങുകയും ചെയ്തു.
അതേസമയം, വെടിവയ്പ് അന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സ്പെഷല്‍ പോലീസ് കമ്മീഷണര്‍ പര്‍വേശ് രഞ്ജന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.