വാഷിംഗ്ടണ്‍ ഡി‌.സി: ക്രൈസ്തവ ദേവാലയങ്ങള്‍ അടക്കമുള്ള ആരാധനാകേന്ദ്രങ്ങളുടെ സുരക്ഷയ്ക്കു 375 മില്യണ്‍ ഡോളർ അനുവദിക്കുവാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. ദേവാലയങ്ങൾക്കു നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ്, ഭരണകൂടം സുരക്ഷ ശക്തമാക്കാൻ സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചത്. അടുത്തിടെയായി നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. യഹൂദ വിരുദ്ധതയും സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ശക്തമായ തീരുമാനം.

സിനഗോഗുകൾക്കും, മോസ്കുകൾക്കും, ക്രൈസ്തവ ദേവാലയങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മത വിരുദ്ധത എന്ന പൈശാചികതയെ ഒരുമിച്ച് നേരിടണമെന്ന് കഴിഞ്ഞാഴ്ച വിവിധ നഗരങ്ങളുടെ മേയർമാരുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. ആരാധനാലയങ്ങളുടെ സുരക്ഷയ്ക്ക് പണം അനുവദിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപനം നടത്തിയപ്പോൾ, വൈറ്റ്ഹൗസിൽ സന്നിഹിതരായിരുന്ന മേയര്‍മാര്‍ നീണ്ട കരഘോഷത്തോടെയാണ് തീരുമാനത്തെ എതിരേറ്റത്.

ഭരണകൂടം പാസാക്കിയ നിയമമനുസരിച്ച് സുരക്ഷാ ക്യാമറകൾ സ്ഥാപിക്കാനും, സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാനുമടക്കം ഒരു ലക്ഷത്തോളം ഡോളർ സഹായത്തിനായി ആരാധനാലയങ്ങൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ശബ്ദ വോട്ടെടുപ്പിലൂടെയാണ് ബില്ല് ജനപ്രതിനിധി സഭ പാസാക്കിയത്. നിയമനിർമ്മാണ സഭ, ഏകകണ്ഠേന ബില്ല് പാസാക്കുകയായിരുന്നു. കഴിഞ്ഞ മാസം ടെക്സാസിലെ ക്രൈസ്തവ ദേവാലയത്തിൽ, ആരാധനയുടെ സമയത്ത് നടന്ന ആക്രമണത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷ ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം അക്രമിയെ ഉടനെ കീഴ്പ്പെടുത്താൻ അന്ന് ഉദ്യോഗസ്ഥർക്ക് സാധിച്ചിരുന്നു.