ഗർഭചിദ്രത്തിന് ഫണ്ട് അനുവദിക്കുന്ന കലിഫോർണിയ ഇൻഷ്വറൻസ് കമ്പനികൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ട്രംപ് സർക്കാർ.കഴിഞ്ഞ വാരാന്ത്യം ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് കലിഫോർണിയ സംസ്ഥാന സർക്കാരിനയച്ച കത്തിലാണ് ഇൻഷ്വറൻസ് കമ്പനികൾ ഗർഭചിദ്രത്തിനുന് ഫണ്ട് അനുവദിച്ചാൽ ഫെഡറൽ നിയമ ലംഘനമാകുമെന്നും സംസ്ഥാനത്തിനുള്ള ഫെഡറൽ സഹായം നിർത്തൽ ചെയ്യുമെന്നും മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

2014 ലെ കലിഫോർണിയ നിയമമനുസരിച്ചു എല്ലാ ഇൻഷ്വറൻസ് കമ്പനികളും ഗർഭ ചിദ്രത്തിനുള്ള ഫണ്ട് അനുവദിക്കണമെന്നുള്ളത് കർശനമാക്കിയിരുന്നു.ഇൻഷ്വറൻസ് കമ്പനികൾ ഫണ്ട് അനുവദിക്കുന്നത് നിർത്തൽ ചെയ്യണമെന്നാവശ്യപ്പെട്ടു 30 ദിവസത്തെ സമയമാണ് ഫെഡറൽ ഗവൺമെന്‍റ് അനുവദിച്ചിരിക്കുന്നത്. ഫെഡറൽ നിയമനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ കർശന നടപടികൾ ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പും ഇതിൽ ഉൾപ്പെടുന്നു.

അതേസമയം കലിഫോർണിയ അറ്റോർണി ജനറൽ സേവ്യർ ബെക്കേറ, ട്രംപ് ഗവൺമെന്‍റ് തീരുമാനത്തെ ചോദ്യം ചെയ്തു. സ്ത്രീകളുടെ ആരോഗ്യത്തിനെതിരെയാണ് വൈറ്റ് ഹൗസ് തീരുമാനമെന്നും ഇതു ഭൂഷണമല്ലെന്നും അറ്റോർണി പറഞ്ഞു. ഫെഡറൽ ഗവൺമെന്റും കലിഫോർണിയ സർക്കാരും ആടുത്ത ദിവസങ്ങൾ‍ എന്തു നടപടികൾ സ്വീകരിക്കുമെന്നതു ജനങ്ങൾ ആകാംഷയോടെ നോക്കിക്കൊണ്ടിരിക്കുകയാണ്.