ലണ്ടന്‍: ഇന്ത്യയിലെ പൌരത്വ നിയമഭേദഗതി ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ്. യൂറോപ്യന്‍ പാര്‍ലമെന്റിലെ 751 എംപിമാരില്‍ 560 പേരാണ് പൌരത്വ നിയമ ഭേദഗതി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ബുധനാഴ്ച വിഷയം ചര്‍ച്ച ചെയ്യുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് വ്യാഴ്ച ഉച്ചയോടെ പ്രമേയം വോട്ടെടുപ്പിന് വെക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ നടപ്പിലാക്കിയ പൌരത്വ നിയമ ഭേദഗതി വിവേചനപരവും ഭിന്നതയുണ്ടാക്കുന്നതുമാണെന്നാണ് പ്രമേയം ചൂണ്ടിക്കാണിക്കുന്നത്.

അന്താരാഷ്ട്ര ഉടമ്ബടി ലംഘിക്കുന്നതും സാമൂഹികമായി വിവേചനമുണ്ടാക്കുന്നതുമായ നിയമത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ടുപോകണമെന്നും പാര്‍ലമെന്റ് പാസാക്കിയ നിയമഭേദഗതി റദ്ദാക്കണമെന്നും മോദി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതുമാണ് യൂറോപ്യന്‍ പാര്‍ലമെന്റ് കൊണ്ടുവന്നിട്ടുള്ള പ്രമേയം. കഴിഞ്ഞ ആഴ്ച യൂറോപ്യന്‍ യുണൈറ്റഡ് ലെഫ്റ്റ്, നോര്‍ഡിക് ഗ്രീന്‍ ലെഫ്റ്റ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് വിഭാഗങ്ങളിലെ അംഗങ്ങളാണ് പ്രമേയം കൊണ്ടുവന്നിട്ടുള്ളത്.

സിഎഎയ്ക്ക പുറമേ ഇന്ത്യയിലെ ദേശീയ പൌരത്വ രജിസ്റ്ററിനെക്കുറിച്ചുള്ള ആശങ്കയും പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരുടെ വരവ് നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കുന്ന സിഎഎ നിരവധി പേര്‍ക്ക് പൌരത്വം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. ഇന്തോ- യൂറോപ്യന്‍ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ചില്‍ ബ്രസ്സല്‍സ് സന്ദര്‍ശിക്കാനിരിക്കെയാണ് പ്രമേയം പാസാക്കുന്നത്.