ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി കൊലപാതകRA കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി സുരീന്ദര്‍ ദില്ലോണിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. രാജ്കുമാര് മരിച്ച പീരുമേട് സബ് ജയിലിലാണ് സംഘം ആദ്യ തെളിവെടുപ്പിനായി എത്തിയത്. രാജ് കുമാര്‍ കിടന്ന സെല്ല് പരിശോധിച്ച ശേഷം ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുത്തു. തുടര്‍ന്ന് രാജ്കുമാറിന് മര്‍ദ്ദനമേറ്റ നെടുങ്കണ്ടം സ്റ്റേഷനിലെത്തി രാജ്കുമാറിനെ മര്‍ദ്ദിച്ച പൊലീസ് സ്റ്റേഷന്റെ രണ്ടാം നിലയിലും മറ്റും പരിശോധന നടത്തിയ സിബിഐ സ്റ്റേഷന് രേഖകളും ശേഖരിച്ചു.
രാജ്കുമാര് ഒന്നാം പ്രതിയായ ഹരിതാ ഫിനാന്‍സ് തട്ടിപ്പിലെ മൂന്നാം പ്രതിയായിരുന്ന മനേജര്‍ മഞ്ജുവിനെയും സംഘം ചോദ്യം ചെയ്തു. രാജ്കുമാറിനെ പോലീസുകാര്‍ മര്‍ദ്ദിക്കുന്നത് കണ്ട പ്രധാന സാക്ഷികളിലൊരാള്‍ കൂടിയാണ് മഞ്ജു. പ്രാഥമിക ഘട്ട അന്വേഷണമാണ് നടക്കുന്നത് നെടുങ്കണ്ടത്ത് ക്യാമ്ബ് ഓഫീസ് തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്നു ഡിവൈഎസ്പി സുരീന്ദര്‍ അറിയിച്ചു.
കഴിഞ്ഞ ജൂണ്‍ 21നാണ് വാഗമണ്‍ സ്വദേശിയായ രാജ് കുമാര്‍ പീരുമേട് ജയിലില്‍ വച്ച് മരണപ്പെട്ടത്. സംഭവത്തില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ അടക്കം നാല് പൊലീസുകാര്‍ അറസ്റ്റിലായിരുന്നു. കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും നടക്കുന്നുണ്ട്.