ദുബൈ: ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊറോണ വൈറസ്​ ബാധ യു.എ.ഇയിലും സ്​ഥിരീകരിച്ചു. ചൈനയില്‍നിന്നെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ക്കാണ്​ വൈറസ്​ ബാധ കണ്ടെത്തിയത്​. ഇവര്‍ കര്‍ശന ​ൈവദ്യനിരീക്ഷണത്തിലാണ്​. ആരോഗ്യനില തൃപ്​തികരമാണെന്നും അവസ്​ഥ ആശങ്കജനകമല്ലെന്നും യു.എ.ഇ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്‌​ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി ‘വാം’ വ്യക്​തമാക്കി.

വൈറസ്​ബാധയേറ്റ കുടുംബം ജനുവരി 16ന്​ ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍നിന്നാണ്​ യു.എ.ഇയില്‍ എത്തിയത്​. ജനുവരി 23നാണ്​ ​രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന്​ ആരോഗ്യ​^രോഗപ്രതിരോധ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അല്‍ റന്ത്​ പറഞ്ഞു. ഉടനടി ഇവരെ മാറ്റിപ്പാര്‍പ്പിക്കുകയും അടിയന്തര ചികിത്സാ സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തുകയും ചെയ്​തു.

വിദഗ്​ധ ഡോക്​ടര്‍മാരും പാരാമെഡിക്കുകളും അടങ്ങുന്ന പ്രത്യേക സംഘമാണ്​ പരിചരണങ്ങള്‍ക്ക്​ നേതൃത്വം നല്‍കിയത്​. ഇപ്പോള്‍ നാലുപേരുടെയും ആരോഗ്യനില തൃപ്​തികരമാണ്​. എല്ലാവിധ മുന്‍കരുതലുകളും രാജ്യത്ത്​ സ്വീകരിച്ചിട്ടുണ്ടെന്നും അനാവശ്യ ഭീതി ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ വ്യക്​തമാക്കുന്നു.