വാഷിംഗ്ടണ്‍, ഡി.സി: ട്രമ്പ് ഭരണകൂടത്തിന്റെ പബ്ലിക്ക് ചാര്‍ജ് ചട്ടം സുപ്രീം കോടതി ശരി വച്ചതോടെ സാമ്പത്തിക-വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും പ്രായമയവര്‍ക്കും അമേരിക്കക്കു വരുന്നതിനു കൂടുതല്‍ തടസമായി. അമേരിക്കയില്‍ താമസിക്കുന്നവരും സര്‍ക്കാര്‍ ആനുകൂല്യം പറ്റിയിട്ടുണ്ടെങ്കില്‍ ഗ്രീന്‍ കാര്‍ഡിനു അപേക്ഷിക്കുമ്പോള്‍ പ്രശ്‌നമായേക്കാം.

ഈ നിയമത്തിനു മുന്‍ കാല പ്രാബല്യമില്ല. മുന്‍പ് ആനുകൂല്യം പറ്റിയത് പ്രശ്‌നമാവില്ല എന്ന് കരുതുന്നു.

ഒക്ടോബര്‍ 15-നു നിയമം നിലവില്‍ വരുമെന്നാണു അറിയിപ്പില്‍ പറഞ്ഞത്. എന്നാല്‍ ഇത് ന്യു യോര്‍ക്കിലെ ഡിസ്ട്രിക്ട് കോര്‍ട്ട് തടഞ്ഞതിനെതിരെ ഭരണകൂടം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. താൽക്കാലിക തീരുമാനമാണിത്. വ്യവഹാരം ഇനിയും കീഴ്കോടതികളിൽ തുടരും 

സുപ്രീം കോടതിയിലെ 5 യാഥാസ്ഥിതിക ജഡ്ജിമാര്‍ നിയമം ശരിച്ചപ്പോള്‍ നാലു ലിബറല്‍ ജഡ്ജിമാര്‍ അതിനെതിരെ തീരുമാനമെടുത്തു. ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്ട്‌സ്, ക്ലാരന്‍സ് തോമസ്, സാമുവല്‍ അലിറ്റൊ, നീല്‍ ഗോരുഷ്, ബ്രെറ്റ് കാവനാ എന്നിവര്‍ ഭരണകൂടത്തെ അനുകൂലിച്ചപ്പോള്‍ ജസ്റ്റീസ്മാരായ റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ്, സ്റ്റീഫന്‍ ബ്രെയര്‍, സോണിയ സോട്ടോമെയര്‍, എലിന കാഗന്‍ എന്നിവര്‍ എതിര്‍ത്തു.

കുടിയേറ്റ ചരിത്രത്തിലെ കറൂത്ത ദിനം എന്നാണു ഇമ്മിഗ്രേഷന്‍ അനുകൂലികള്‍ ഇതിനെ വിശേഷിപ്പിച്ചത്. നിങ്ങളുടെ കഴിവുകളോ സ്വഭാവമോ അല്ല, മടിശീലയുടെ ഘനം ആണു കുടിയേറ്റത്തിനു കണക്കിലെടുക്കുക എന്ന് അവര്‍ ആക്ഷേപിച്ചു.

അമേരിക്കയില്‍ വന്ന് സര്‍ക്കാര്‍ ആനുകൂല്യം പറ്റുമെന്ന് സംശയമുള്ള സന്ദര്‍ശ്കര്‍ക്കും ഇമ്മിഗ്രന്റ്‌സിനും പുതിയ നിയമം പ്രശ്‌നമാകും. ഇവിടെ വരുമാനവും മെഡിക്കല്‍ ഇന്‍ഷുറന്‍സും ഉണ്ടാകും എന്നു തെളിയിക്കുക പലര്‍ക്കും വിഷമകരമാകും. പ്രായമായവരെയും അത് ദോഷമായി ബാധിക്കും.

പ്രസവ ടൂറിസത്തിന്റെ പേരില്‍ ഗര്‍ഭിണികള്‍ക്ക് സന്ദര്‍ശനത്തിനു നിയമം കര്‍ശനമാക്കിയത് കഴിഞ്ഞ ദിവസമാണ്.

പബ്ലിക് ചാര്‍ജ് നിയമം പണ്ടേ ഉള്ളതാണ്. 1850 കാലത്ത് അത് ഉപയോഗിച്ചാണു ഐറിഷ്‌കാരെ തടഞ്ഞത്. പിന്നീട് 1882, 1924 കാലത്ത് ചൈനക്കാര്‍, യഹൂദര്‍ എന്നിവര്‍ക്ക് എതിരെ ഈ നിയമം ഉപയോഗിച്ചു

‘സ്വയംപര്യാപ്തതയും സ്വാശ്രയത്വവും അമേരിക്കന്‍ മൂല്യങ്ങളാണ്, അത് വ്യവഹാരപരമായി തള്ളിക്കളയരുത്, മറിച്ച് അടുത്ത തലമുറ കുടിയേറ്റക്കാര്‍ പ്രോത്സാഹിപ്പിക്കുകയും സ്വീകരിക്കുകയും വേണം. 49 സംസ്ഥാനങ്ങളില്‍ ഈ നിയമം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ട്,’ ഹോം ലാന്‍ഡ് സെക്യൂരിറ്റി സീനിയര്‍ ഉദ്യോഗസ്ഥന്‍ കെന്‍ കുച്ചിനെല്ലി പറഞ്ഞു


read also

ട്രമ്പ് ഭരണകൂടം പ്രഖ്യാപിച്ച പബ്ലിക്ക് ചാര്‍ജ് നിയമം വിചാരിച്ചതിലും പാര ആയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിയമം നടപ്പിലായി കഴിഞ്ഞാലെ നിയമം എങ്ങനെയൊക്കെ ബാധിക്കുമെന്നു വ്യക്തമാകൂ.

എങ്കിലും ഒരു കാര്യം തീര്‍ച്ച. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള നിറമുള്ള കുടിയേറ്റക്കാര്‍ ഇനി അധികം വേണ്ട. വെള്ളക്കാരുടെ ഭൂരിപക്ഷത്തിനു ഒരു കോട്ടവും ഉണ്ടാവരുത്. പുതിയ നിയമത്തിന്റെ അടിസ്ഥാന തത്വം അതാണ്.

പുതിയ നിയമം മൂലം ഓരോ വര്‍ഷവും യുഎസില്‍ താമസിക്കുന്ന ഒരു മില്യന്‍ കുടിയേറ്റക്കാര്‍ക്ക് വരെ ഗ്രീന്‍ കാര്‍ഡ് നിരസിക്കാന്‍ കാരണമായേക്കാം. ഫുഡ് സ്റ്റാമ്പ് (സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം, എസ്.എന്‍.എ.പി)- മെഡികെയ്ഡ്, സര്‍ക്കാറിന്റെ സാമ്പത്തിക സഹായം, ടെമ്പററി എയ്ഡ് ഫോര്‍ നീഡി ഫാമിലീസ് (ടി.എ.എന്‍.എഫ്) എന്നിവ വാങ്ങുന്നത് പബ്ലിക്ക് ചാര്‍ജ് ആകും. 36 മാസത്തിനുള്ളില്‍ 12 മാസം വാങ്ങിയാല്‍ പ്ര്ശ്നമായി. രണ്ട് ആനുകൂല്യം ഒരു മാസം പറ്റിയാല്‍ അത് രണ്ട് മാസമായി കണക്കാക്കും.

എന്തായാലും നിയമം നടപ്പാകുന്ന ദിനം മുതലെ ഇത് കണക്കിലെടുക്കു. അതിനു മുന്‍പ് നല്കിയ അപേക്ഷകള്‍ക്ക് ഈ നിയമം ബാധകമല്ല. പൗരന്മാര്‍, അഭയാര്‍ഥികള്‍, ഡൊമസ്റ്റിക് വയലന്‍സ് ഇരകള്‍ എന്നിവര്‍ക്കൊന്നും നിയമം ബാധകമല്ല.

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ വരുമാനം തെളിയിക്കുന്നതും പ്രശ്നം സ്രുഷ്ടിക്കും. രണ്ടംഗ കുടുംബം ഫെഡറല്‍ ദാരിദ്ര്യ രേഖയുടെ 250 ശതമാനം വരുമാനം കാണിക്കണം. ഏകദേശം 41000 ഡോളര്‍. അഞ്ചംഗ കുടുംബം ആണെങ്കില്‍ 73000 ഡോളര്‍.

ഇന്ത്യക്കാരില്‍ ഏഴ് ശതമാനം ഫെഡറല്‍ ദാരിദ്ര്യ രേഖക്കു താഴെ ആണെന്നു മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇല്ലീഗലായിട്ടുള്ളവര്‍ക്ക് ഫെഡറല്‍ ആനുകൂല്യമൊന്നും സാധാരണയായി ലഭിക്കില്ല.

വിദേശത്തു നിന്നു ഗ്രീന്‍ കാര്‍ഡിനു അപേക്ഷിക്കുന്നവര്‍ക്കും പലവിധത്തില്‍ പ്രശ്നമാണ്. വിദ്യാഭ്യാസം, ഇപ്പോഴത്തെ വരുമാനം, ഇംഗ്ലീഷിലുള്ള പരിജ്ഞാനം, രോഗം, ഇവയൊക്കെ നോക്കി ആയിരിക്കും വിസ-ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ അംഗീകരിക്കുക.

പ്രായമായ മാതാപിതാക്കള്‍ക്ക് ഗ്രീന്‍ കാര്‍ഡ് കിട്ടുക വിഷമമാകും. 41000 ഡോളര്‍ വരുമാനം അമേരിക്കയില്‍ ഉണ്ടാക്കും എന്ന് എങ്ങനെ അവര്‍ തെളിയിക്കും? മക്കളുടെ വരുമാനം അവരുടേതിനൊപ്പം ചേര്‍ക്കാന്‍ ക്കുമൊ? കാര്യമായി ഇംഗ്ലീഷ് അറിയാത്ത, കടുത്ത രോഗമുള്ള 61 കഴിഞ്ഞവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് കിട്ടുക വിഷമമാകും.

എച്ച്-1 ബിക്കാര്‍ക്കും ഗ്രീന്‍ കാര്‍ഡ് അപേക്ഷക്കു പ്രശ്നം വരാം. ഇപ്പോള്‍ എച്ച്-4 വിസയിലുള്ള ഭാര്യക്കോ ഭര്‍ത്താവിനോ ജോലി ചെയ്യാം. (എല്ലാവര്‍ക്കുമല്ല) പക്ഷെ അവര്‍ക്ക് ജോലി ചെയ്യാനുള്ള അനുവാദം പിന്‍ വലിക്കുമെന്നു ഭരണകൂടം വ്യക്തമാക്കിയതാണ്. അപ്പോള്‍ ഭാര്യ/ഭര്‍ത്താവിനു ജോലി ഇല്ലാതാകും. അങ്ങനെ വന്നാല്‍ പലര്‍ക്കും ദാരിദ്ര്യ രേഖയേക്കാള്‍ 250 ശതമാനം കൂടുതല്‍ വരുമാനം കാണിക്കാനായി എന്നു വരില്ല.

വിവാഹത്തിലൂടെ ഗ്രീന്‍ കാര്‍ഡ് കിട്ടുന്നവരും പ്രതിസന്ധിയിലാകും. പലര്‍ക്കും വരാന്‍ കഴിയാതെ പോകുകയോ ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരികയോ ചെയ്യേണ്ടി വരും. അമേരിക്കയില്‍ കഴിയുന്നവര്‍ തന്നെ മടങ്ങി പോകേണ്ടി വരാം.

ജോലി ചെയ്യാന്‍ അനുവാദമുള്ള പാര്‍ട്ട് ടൈം സ്റ്റുഡന്റ്സിനും നിശ്ചിത വരുമാനം കാണിക്കുക വിഷമകരമാകും.

സര്‍ക്കാറിന്റെ ആനുകൂല്യമൊന്നും പറ്റില്ലെന്നതിനു ബോണ്ട് നല്കാന്‍ ചിലരെ അനുവദിച്ചേക്കാം. എല്ലാവര്‍ക്കും ഇത് കിട്ടില്ല. കുറഞ്ഞ ബോണ്ട് തുക 8100 ഡോളര്‍. പൗരനാകുമ്പോഴോ തിരിച്ചു പോകുമ്പോഴോ ആ തുക തിരിച്ചു കിട്ടും.

ജസ്റ്റിസ് ഇന്‍ ഏജിംഗ് പുതിയ നിയമത്തെ ക്രൂരമെന്നു വിശേഷിപ്പിച്ചു. ഈ മാറ്റങ്ങള്‍ വംശീയതയെ സര്‍ക്കാര്‍ നയമാക്കി മാറ്റുന്നു. കുറഞ്ഞ വരുമാനമുള്ള മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങളെ കീറിമുറിക്കാന്‍ ഇമിഗ്രേഷന്‍ നിയമം ഉപയോഗിക്കുകയാണ്.

അത്യാവശ്യ സഹായങ്ങള്‍ തേടുന്നത് തടയുന്ന നിയമം തികഞ്ഞ ക്രൂരതയെന്ന് ഏഷ്യന്‍ പസഫിക് പോളിസി ആന്റ് പ്ലാനിംഗ് കൗണ്‍സിലിന്റെ ഇന്ത്യന്‍ അമേരിക്കന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഞ്ജു കുല്‍ക്കര്‍ണി പറഞ്ഞു.