തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമത്തിനെതിരായ ഭാഗങ്ങള്‍ നിയമസഭയില്‍ വായിച്ച്‌ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ പതിനെട്ടാമത് ഖണ്ഡികയായി ഉള്‍പ്പെടുത്തിയ ഈ ഭാഗം ഗവര്‍ണര്‍ വായിച്ചേക്കില്ലെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തന്‍റെ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് ഈ ഭാഗം വായിക്കാന്‍ ഗവര്‍ണര്‍ തയ്യാറാവുകയായിരുന്നു.

വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ചു കൊണ്ട് വായിക്കുന്നുവെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഇത് സര്‍ക്കാറിന്‍റെ നിലപാട് അല്ല, കാഴ്ച്ചപ്പാട് ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നയപ്രഖ്യാപന പ്രസംഗത്തിനായി സഭയില്‍ എത്തിയ ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധമായിരുന്നു പ്രതിപക്ഷം നടത്തിയത്. ഗവര്‍ണറെ പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞത് സഭയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ വാര്‍ഡ് ആന്‍ഡ് വാച്ച്‌ ഗാര്‍ഡുകള്‍ എത്തി ബലം പ്രയോഗിച്ച്‌ പ്രതിപക്ഷ അംഗങ്ങളെ നീക്കിയതിന് ശേഷമാണ് ഗവര്‍ണ്ണര്‍ സ്പീക്കറുടെ ഡയസില്‍ എത്തിയത്.

ഗവര്‍ണ്ണര്‍ നയപ്രഖ്യാപന പ്രസംഗം തുടരുന്നതിനിടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭക്ക് പുറത്തെത്തി കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ് ഇപ്പോള്‍.