ബെയ്ജിങ്: കൊറോണ വൈറസ് പടരുന്ന ചൈനയില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ് കോങ്ങും ഫിലിപ്പീന്‍സും. ഹോങ് കോങ് ചൈനയുമായി ബന്ധിപ്പിക്കുന്ന രണ്ട് റെയില്‍വേ ലൈനുകള്‍ അടച്ചു. ഫെറി-ബസ് സര്‍വീസുകളും റദ്ദാക്കി. വിമാനസര്‍വീസുകള്‍ പകുതിയാക്കി. ചൈനീസ് പൗരന്മാര്‍ക്ക് വിസയനുവദിക്കില്ലെന്നും ചീഫ് എക്സിക്യുട്ടീവ് കാരി ലാം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ചൈനീസ് പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം റദ്ദാക്കുന്നതായി ഫിലിപ്പീന്‍സ് അറിയിച്ചു.

ദക്ഷിണകൊറിയ, കാനഡ, ബ്രിട്ടന്‍, യു.എസ്., ജപ്പാന്‍, എന്നീ രാജ്യങ്ങള്‍ ചൈനയിലെ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികളാരംഭിച്ചു. വൈറസ് ആദ്യം കണ്ടെത്തിയ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാന്‍ രാജ്യങ്ങള്‍ അവരവരുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ചൈനയിലേക്കയച്ചിട്ടുണ്ട്. വാണിജ്യാവശ്യങ്ങള്‍ക്കായി ചൈനയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് യു.എസ്. ആരോഗ്യ അധികൃതര്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി.

ഉപകരണങ്ങള്‍ക്ക് ക്ഷാമം

അതിനിടെ, വൈറസ് അതിവേഗം പടരുന്ന ചൈനയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. ഇതുമൂലം രോഗം പടരുന്നത് കൃത്യമായി കണ്ടെത്താനാവുന്നില്ല. ആശുപത്രികളില്‍ വേണ്ടത്ര മെഡിക്കല്‍ക്കിറ്റ് ലഭ്യമല്ല. അതിനാല്‍ പുറത്തുവരുന്ന കണക്കുകളെക്കാള്‍ എത്രയോകൂടുതലാണ് തിരിച്ചറിയാതെയുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍മാത്രം അഞ്ചരക്കോടി ജനങ്ങളാണ് പുറത്തിറങ്ങാനാവാതെ ദിവസങ്ങളായി വീടുകളില്‍ ഒതുങ്ങിക്കഴിയുന്നത്. ആയിരത്തിലധികംകേസുകളാണ് രാജ്യത്ത് ഓരോദിവസവും പുതുതായി റിപ്പോര്‍ട്ടുചെയ്യുന്നത്. ഇരുപതിലധികംപേര്‍ മരിക്കുകയും ചെയ്യുന്നു. വൈറസ് ബാധ ഏല്‍ക്കുന്നവരില്‍ അധികവും യുവാക്കളാണെന്നും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

വൈറസ് ബാധ തിരിച്ചറിയാനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുള്ള ആവശ്യം ദിനംപ്രതി വലിയതോതിലാണ് വര്‍ധിക്കുന്നതെന്നും അത്രയും ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി തങ്ങള്‍ക്കില്ലെന്നും ചൈനയിലെ മൂന്നുപ്രധാന കമ്ബനികളെ ഉദ്ധരിച്ച്‌ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഉപകരണങ്ങളുടെ അഭാവം അധികൃതരെ വലിയതോതില്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

പെട്ടെന്നുള്ള വൈറസ് ബാധ ചൈനയുടെ ആരോഗ്യമേഖലയെ സാരമായാണ് ബാധിച്ചിട്ടുള്ളത്. പ്രധാന നഗരങ്ങളായ ബെയ്ജിങ്ങിലും ഷാങ്ഹായിയിലുമെല്ലാം ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞിരിക്കയാണ്. ഡോക്ടറെ കാണാനുള്ള നിര ഓരോ ദിവസവും പുലര്‍ച്ചെവരെ നീളുകയാണ്.

ജൈവായുധപരീക്ഷണമോ?

അതിനിടെ ചൈനയുടെ ജൈവായുധ പരീക്ഷണത്തിനിടെ ചോര്‍ന്ന വൈറസാണ് പടരുന്നതെന്നും റിപ്പോര്‍ട്ട്. അത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ലെന്ന് ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേല്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഓഫീസറുമായ ഡാനി ഷോഹാമാണ് ചൂണ്ടിക്കാട്ടിയത്. ‘വാഷിങ്ടണ്‍ ടൈംസാ’ണ് ഷോഹാമിന്റെ പ്രതികരണം പുറത്തുവിട്ടത്.

വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അതിനൂതനമാണ്. കൊറോണപോലുള്ള മാരകമായ വൈറസുകളുമായി ഇടപെടാന്‍ പ്രാപ്തിയുള്ള രാജ്യത്തെ ഏക പ്രഖ്യാപിത ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും ലബോറട്ടറിയുമാണിത്. ജൈവായുധ ഗവേഷണങ്ങളുടെയും വികസനത്തിന്റെയും ഭാഗമായി പല പരീക്ഷണങ്ങളും ചൈന ഇവിടെ നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ചൈനയുടെ ജൈവായുധ പരീക്ഷണങ്ങളുടെ ഭാഗമാണോ പുതിയ വൈറസ് ബാധയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗവേഷണത്തിനിടെ വൈറസ് പുറത്തേക്ക് പടര്‍ന്നതാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഷോഹാം പറയുന്നു. എന്നാല്‍, ഏറെ ചര്‍ച്ചയായ റിപ്പോര്‍ട്ടിനോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊറോണ ആദ്യം സ്ഥിരീകരിച്ചയാള്‍ക്ക് നേരത്തേപറഞ്ഞ മാര്‍ക്കറ്റില്‍നിന്നല്ല ബാധയേറ്റതെന്നൊരു പഠനം ബ്രിട്ടീഷ് മെഡിക്കല്‍ ജേണലും നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.

പിന്തുണയുമായി പ്രധാനമന്ത്രി

ദിവസങ്ങളായി വൈറസ് ബാധ നിയന്ത്രിക്കാനാവാത്തതില്‍ ചൈനയില്‍ ജനരോഷവും ഉയരുന്നു. അധികൃതരുടെ അനാസ്ഥയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതേത്തുടര്‍ന്ന് വൈറസിന്റെ പ്രധാനകേന്ദ്രമായ വുഹാനില്‍ ചൈനീസ് പ്രധാനമന്ത്രി ലി കെഖിയാങ് സന്ദര്‍ശനം നടത്തി. ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും കണ്ട് എല്ലാ പിന്തുണയും വാഗ്ദാനവും ചെയ്തു. എന്തുവിലകൊടുത്തും നമ്മള്‍ പ്രതിസന്ധി അതിജീവിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. എന്നാല്‍, ജനങ്ങളുടെ രോഷം അണയ്ക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനും കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തല്‍.