മുംബൈ: വിയോജിപ്പാണു രാജ്യസ്നേഹത്തിന്റെ ഏറ്റവും മൂർത്തമായ രൂപമെന്നു നടി പൂജ ഭട്ട്. ദേശീയ പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരേ രാജ്യത്തു നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
നമ്മുടെ നിശബ്ദത നമ്മെ രക്ഷിക്കില്ല. ഭരിക്കുന്നവർ യഥാർഥത്തിൽ നമ്മളെ ഒരുമിച്ചു കഴിഞ്ഞു. പ്രക്ഷോഭം നയിക്കുന്ന വിദ്യാർഥികൾ നൽകുന്ന സന്ദേശം നമ്മുടെ ശബ്ദം ഉയർത്തുക എന്നതാണ്. അവർ അതു കേൾക്കുന്നതു വരെ നമ്മളുടെ ശബ്ദം നമ്മൾ താഴ്ത്തില്ല. വിയോജിക്കുന്നതു ദേശസ്നേഹത്തിന്റെ മൂർത്തമായ രൂപമാണെന്നും പൂജ ഭട്ട് പറഞ്ഞു.
രാജ്യത്ത് ഉയരുന്ന ശബ്ദങ്ങൾ കേൾക്കാൻ നമ്മുടെ നേതാക്കൾ തയാറാവണം. ഇന്ത്യയിലെ സ്ത്രീകൾ ഷഹീൻബാഗിലും ലക്നോവിലും പ്രതിഷേധിക്കുകയാണ്. നമ്മൾ ശബ്ദമുയർത്തുന്നത് അവസാനിപ്പിക്കില്ല. കൂടുതൽ ഉച്ചത്തിൽ സംസാരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയാണ്. പൗരത്വ നിയമത്തെയും എൻആർസിയെയും താൻ പിന്തുണയ്ക്കുന്നില്ല, അതു തന്റെ കുടുംബത്തെ വിഭജിക്കുന്നതാണെന്നും പൂജ ഭട്ട് പറഞ്ഞു.
പർച്ചം ഫൗണ്ടേഷനും വീ ദി പീപ്പിൾ ഓഫ് ഇന്ത്യയും ചേർന്നാണ് ദക്ഷിണ മുംബൈയിലെ കൊളാബയിൽ പരിപാടി സംഘടിപ്പിച്ചത്. നേരത്തെ, ദേശീയ പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരേ ബോളിവുഡിൽനിന്ന് ശബ്ദമുയർത്തിയവരുടെ പട്ടികയിലെ അവസാന ആളാണ് പൂജ ഭട്ട്.