കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരായി എല്‍.ഡി.എഫ്. സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം. ബഷീറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

റിപ്പബ്ലിക് ദിനത്തില്‍ കോഴിക്കോട്ട് നടന്ന പരിപാടിയിലാണ് ബഷീര്‍ കണ്ണിയായത്. യു.ഡി.എഫുമായി കൂടിയാലോചിക്കാതെ നടത്തുന്ന സമരങ്ങളില്‍ പങ്കെടുക്കേണ്ടെന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനം. അത് ലംഘിച്ചാണ് ബഷീര്‍ പങ്കെടുത്തതെന്നാണ് ആരോപണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിനെ സംബന്ധിച്ച്‌ ലീഗില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കെയാണ് ബഷീറിനെതിരായ നടപടി. യുഡിഎഫ് തീരുമാനം ലംഘിച്ച്‌ ആരെങ്കിലും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അന്വേഷിച്ച്‌ നടപടിയെടുക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞിരുന്നു.

എന്നാല്‍ പങ്കെടുക്കേണ്ടതില്ലാ എന്ന് ലീഗ് പ്രവര്‍ത്തകരോട് പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട്‌ എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നുമായിരുന്നു പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീറിന്റെ നിലപാട്. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ പാര്‍ട്ടി ഭേദമന്യേ എല്ലാവരും പങ്കാളികളാകുന്നുണ്ട്. അതുകൊണ്ട്‌ ഇത് വിവാദമാക്കേണ്ടതില്ലാ എന്നായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടേയും നിലപാട്.

രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാന്‍ ഒരു പൗരനെന്നനിലയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് കെ.എം. ബഷീറിന്റെ പ്രതികരണം. പൗരത്വനിയമ ഭേദഗതിക്കെതിരേ സി.പി.എം. നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കരുതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടില്ല. ഈ വിഷയത്തില്‍ രാഷ്ട്രീയത്തിലുപരി ഒരു വികാരമുണ്ട്. പാര്‍ട്ടി കമ്മിറ്റിക്കല്ല, എല്ലാവരും ഒരുമിച്ചുനില്‍ക്കേണ്ട സമരത്തിനാണ് പങ്കെടുത്തത്. ഇരു സുന്നിവിഭാഗങ്ങളുടെയും മുജാഹിദ് സംഘടനകളുടെയും നേതാക്കള്‍ ഇതില്‍ പങ്കെടുത്തിട്ടുണ്ട്. അപ്പോള്‍ എന്നെപ്പോലെയുള്ള ഒരു പ്രവര്‍ത്തകന് മാത്രം എന്താണ് പ്രശ്‌നം. പാര്‍ട്ടി നടപടിയെടുത്താല്‍ രണ്ടുകൈയുംനീട്ടി സ്വീകരിക്കും. ബഷീര്‍ പറഞ്ഞു.

സമസ്തയുള്‍പ്പെടെയുള്ള മുസ്ലിം സംഘടനയുടെ നേതാക്കള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എം. നടത്തുന്ന പരിപാടികളില്‍ പങ്കെടുത്ത് വരുന്നുണ്ട്. ഇത് ലീഗില്‍ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.