ന്യൂഡല്‍ഹി : ഏറെ ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള എയര്‍ഇന്ത്യ വില്‍പ്പന സര്‍ക്കാരിന്‌ ഭാവിയില്‍ വന്‍ബാധ്യതയുണ്ടാക്കാന്‍ സാധ്യത. വര്‍ഷങ്ങളായി കുമിഞ്ഞുകൂടിയ 60,000 കോടിയുടെ കടമാണ് എയര്‍ഇന്ത്യക്കുള്ളത്. ആകെ ബാധ്യതകളില്‍ കടംമാത്രമാണ് ഇത്രയും തുക. അതില്‍ 23,286.50 കോടി രൂപമാത്രമേ വാങ്ങുന്നവര്‍ക്ക് കൈമാറൂ.

അതുപോലെ ബാധ്യതകളും പൂര്‍ണമായി കൈമാറുന്നില്ല. ബാക്കിവരുന്ന കടവും ബാധ്യതയും പുതുതായി രൂപവത്കരിക്കുന്ന സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായ എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിങ് ലിമിറ്റഡ് (എ.ഐ.എ.എച്ച്‌.എല്‍.) ആണ് വഹിക്കേണ്ടത്.

വില്‍പ്പന ഇടപാട് നടക്കുന്ന സമയത്തെ എയര്‍ ഇന്ത്യയുടെ ആസ്തിക്ക് ഏതാണ്ട് തുല്യമായ ബാധ്യതകളേ കൈമാറൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

അതിനര്‍ഥം ബാക്കിവരുന്ന കടവും ബാധ്യതകളും വീട്ടുന്നത് ഫലത്തില്‍ സര്‍ക്കാരിന്റെ തലയിലാകും. എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അടയ്ക്കാനുള്ള കുടിശ്ശികകള്‍, വിരമിച്ച ജീവനക്കാരുമായി ബന്ധപ്പെട്ട കുടിശ്ശികകള്‍ എന്നിവയൊന്നും പുതിയ ഉടമസ്ഥര്‍ക്ക് കൈമാറുന്നില്ല. അതിനാല്‍ വിറ്റഴിച്ചാലും സര്‍ക്കാര്‍ ഖജനാവിന് എയര്‍ ഇന്ത്യ ഭാരമായിത്തന്നെ തുടര്‍ന്നേക്കും.