ആലപ്പുഴ: ഇന്ത്യന്‍ ഭരണഘടന അതീവ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുകയാണെന്നും സംരക്ഷിക്കേണ്ടവരില്‍ നിന്നുതന്നെ അതുണ്ടാകുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന 71 -ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ അഭിവാദ്യം സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാപരമായി സ്വീകാര്യമല്ലാത്ത നടപടികള്‍ ഉണ്ടായത് രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ യുവാക്കള്‍ ഭരണഘടനയെക്കുറിച്ച്‌ മനസ്സിലാക്കി മഹത്തായ ഭരണഘടനയ്ക്കു വേണ്ടി സര്‍വകലാശാലകളില്‍ രക്തമൊഴുക്കുന്ന കാഴ്ചയാണ് കാണുന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരായി, ഇന്ത്യയെ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആക്കി മാറ്റുന്നതിന് പോരാടിയ പഴയ യുവജനങ്ങളുടെ ഇന്നത്തെ പ്രതിനിധികള്‍ ഭരണഘടന നിലനിര്‍ത്താന്‍ ചോരയൊലിപ്പിക്കേണ്ടി വരുന്നത് ചരിത്രത്തിന്‍റെ ദൗര്‍ഭാഗ്യമാണ്. രാജ്യത്തിന്‍റെ പുതിയ തലമുറ പ്രത്യേകിച്ച്‌ പെണ്‍കുട്ടികളും സ്ത്രീസമൂഹവും രാജ്യത്തിന്‍റെ ഭരണഘടനയോട് കൂറ് പ്രഖ്യാപിച്ച്‌ വ്യാപകമായി രംഗത്ത് വന്നുകൊണ്ടിരിക്കുന്നു. മഹാനായ ഡോ.ബി.ആര്‍. അംബേദ്കറെ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും പ്രതീക്ഷയായ ഭരണഘടനയുടെ കരട് നിര്‍മ്മിക്കാന്‍ മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും ഉള്‍പ്പെടുന്ന ദേശീയ പ്രസ്ഥാനത്തിന്‍റെ നേതാക്കള്‍ചുമതലപ്പെടുത്തുകയായിരുന്നു. എത്ര ആധികാരികതയോടെയും രാജ്യതന്ത്രജ്ഞതയോടെയും ദേശീയ ബോധത്തോടെയും സാര്‍വ്വദേശീയ ബോധത്തോടെയുമാണ് അദ്ദേഹം ഭരണ ഘടന തയ്യാറാക്കിയതെന്ന് ഏവര്‍ക്കും അറിയാം. അത്തരം മഹത്തായ ഭരണഘടനയുടെ ശിഖരങ്ങള്‍ മുറിച്ചു കളയാന്‍, തായ്‌വേരിന് കത്തി വെക്കാന്‍ ശ്രമിക്കുന്ന ഏതൊരാളും സ്വയം ഇല്ലാതാകും. കാരണം ഭരണഘടനയാണ് അവരുടെ നിലനില്‍പ്പിനു ആധാരം എന്ന് മനസ്സിലാക്കണം. ഇത് വീണ്ടുവിചാരത്തിന് ഉള്ള സമയമാണ്. ആരുടേയും അഭിമാനത്തിന്‍റെയും ദുരഭിമാനത്തിന്‍റെയും പ്രശ്നമല്ലിത്. ചെയ്യാന്‍ പാടില്ലാത്തത് ചെയ്തുകൂടാ എന്ന പ്രകൃതിനിയമം അംഗീകരിച്ച്‌ ഭരണഘടന ക്കെതിരെ ഊരിയ ഉടവാള്‍ ഭരണഘടനാവിരുദ്ധര്‍ ഉറയിലേക്ക് തന്നെ ഇടണം. ഈ റിപ്പബ്ലിക് ദിനത്തില്‍ രാജ്യം മുഴുവന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നത് ഇതാണ്.

ഭരണഘടനയെ തൊട്ടുകളിക്കരുതെന്നും രാജ്യത്തെ പൗരന്മാരോട് വിവേചനം പാടില്ലെന്നും നിയമസഭ പ്രഖ്യാപിച്ച സംസ്ഥാനം കൂടിയാണിത്. ഭരണഘടനയുടെ രണ്ടാം ഭാഗത്ത് വരുന്നതാണ് പൗരത്വം. പൗരത്വം സംബന്ധിച്ച നിലവിലുള്ള വകുപ്പുകള്‍ അങ്ങേയറ്റം ശ്ലാഘനീയവും രാജ്യത്തെ ഒരുമിപ്പിച്ച്‌ നിര്‍ത്തുന്നതുമാണ്. അതില്‍ കൈ വച്ചത് ശരിയായില്ല. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഇക്കാര്യത്തില്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. തുല്യത, സാമൂഹ്യനീതി, മതപരമായ വിവേചനമില്ലായ്മ, ജാതി-മത വ്യത്യാസമില്ലാതെ രാജ്യം ഒന്നാണെന്ന കാഴ്ചപ്പാട് എന്നിവയെല്ലാം വെല്ലുവിളികള്‍ നേരിടുകയാണ്. നമ്മുടെ രാജ്യം ശാന്തമായി, സ്വച്ഛമായി മുന്നോട്ട് പോകാന്‍ അനാവശ്യമായ ഇടപെടലുകളില്‍ നിന്നും ഭരണാധികാരികള്‍ പിന്‍മാറേണ്ടതുണ്ടെന്ന് സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തിന്‍റെ ബലത്തില്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. രാജ്യം ഒരുപാട് പുരോഗമിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലയില്‍ വലിയ മുന്നേറ്റമുണ്ടായി. ആരോഗ്യ കാര്യങ്ങളിലും വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും ലോകത്തിന് മുന്നിലാണ് കേരളം. ഇന്ത്യയുടെ സ്ഥിതി വ്യത്യസ്തമായിരിക്കാം. രാജ്യം എഴുപത്തൊന്നാമത് റിപ്പബ്ലിക് ദിനാഘോഷം നടത്തുമ്ബോള്‍ രാജ്യത്തുനിന്ന് പട്ടിണി തുടച്ചുനീക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ വീടില്ലാത്തവര്‍ അവര്‍ കോടാനുകോടിയാണ്. രാജ്യത്ത് തൊഴിലില്ലാത്തവര്‍ അതിലും കൂടുതല്‍ വരും. ഈ പോരായ്മകള്‍ എങ്ങനെ പരിഹരിക്കാം എന്നാണ് ഭരണാധികാരികള്‍ ആലോചിക്കേണ്ടത്. അവരുടെ ചിന്തയും ഭാവനയും ഇതിനായി വേണം സമര്‍പ്പിക്കപ്പെടേണ്ടത്. അല്ലാതെ ജനങ്ങളെ തമ്മിലടിപ്പിക്കാനല്ല ശ്രമിക്കേണ്ടത്.

ഈ രാജ്യം എല്ലാവരുടെയും രാജ്യമാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നും ലോകം തന്നെ ഒരു കുടുംബം വസുധൈവ കുടുംബകം എന്നും ഉദ്ഘോഷിച്ചവരുടെ നാടാണ് ഭാരതം . പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും അറബികളും എല്ലാം നമ്മുടെ നാട്ടിലെത്തിയിട്ടുണ്ട്. ചിലര്‍ സ്നേഹിച്ചു. ചിലര്‍ ചതിച്ചു. പക്ഷേ നമ്മുടെ രാജ്യം അതിനെയെല്ലാം അതിജീവിച്ചു. ലോകരാജ്യങ്ങളില്‍ പ്രമുഖമായ ഒരു സ്ഥാനം ഇന്ത്യയ്കക്കുണ്ട്. വിജയകരമായ ജനാധിപത്യ പരീക്ഷണങ്ങള്‍ നടത്താനും പോരായ്മയുള്ള സര്‍ക്കാരുകളെ മാറ്റാനും അധികാരം ജനങ്ങള്‍ക്ക് നല്‍കുന്ന ഭരണഘടനയാണ് നമുക്ക് ഉള്ളത്. കേരളം വിവിധ മേഖലകളില്‍ കഴിഞ്ഞ നാളുകളില്‍ ഏറെ മുന്നേറിയിട്ടുണ്ട്. കേരളഗവര്‍ണര്‍ തന്നെ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. ഭരണഘടനയെ സംരക്ഷിക്കുക എന്ന മഹത്തായ യജ്ഞം ഏറ്റെടുക്കുകയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിന്‍റെ പ്രത്യേകത. കേരള സര്‍ക്കാരിനു വേണ്ടി മന്ത്രി എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു.