തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവരുന്ന പ്രമേയത്തെ സര്‍ക്കാര്‍ അംഗീകരിച്ചേക്കില്ല. പൗരത്വ നിയമ ഭേദഗതിയില്‍ ഗവര്‍ണറുടെ നിലപാടുകളോടു വിയോജിപ്പുണ്ടെങ്കിലും ഏറ്റുമുട്ടല്‍ ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും നിലപാട്. ഇക്കാരണം മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷ പ്രമേയത്തെ അം​ഗീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ നയ പ്രഖ്യാപന പ്രസംഗത്തില്‍ മാറ്റം വരുത്തില്ലെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. സര്‍ക്കാരിന്റെ നയ പ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തും സംസ്ഥാനത്തെ പ്രതിഷേധങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ മാറ്റം വരുത്തില്ലെന്നാണ് സര്‍ക്കാര്‍ ​ഗവര്‍ണറോട് വ്യക്തമാക്കിയിരിക്കുന്നത്. നിലപാട് ഗവര്‍ണറോടുള്ള വെല്ലുവിളിയല്ല. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച്‌ ജനങ്ങള്‍ക്കുള്ള ആശങ്ക പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ഇടതു മുന്നണിക്കും നരേന്ദ്ര മോദിയെ പേടിയാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. പ്രമേയം കൊണ്ടുവരാനുള്ള നീക്കം കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ചെന്നിത്തലയുടെ ശ്രമമാണെന്നാണ് ഇടതു മുന്നണിയുടെ കുറ്റപ്പെടുത്തല്‍. പിണറായി സര്‍ക്കാരിനെ കുരുക്കാനും സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കാനും യുഡിഎഫ് ശ്രമിക്കുകയാണ്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ഏറ്റവും കൂടുതല്‍ തവണ ഗവര്‍ണറെ കണ്ട രാഷ്ട്രീയ നേതാവാണ് രമേശ് ചെന്നിത്തലയെന്നും ഇടതു മുന്നണി ആരോപിക്കുന്നു.