അമരാവതി: ആന്ധ്രാ പ്രദേശില്‍ ലെജിസ്ലേറ്റീവ് കൗൺസിൽ (വിധാൻ പരിഷത്ത്) പിരിച്ചുവിടുന്നതിനുള്ള പ്രമേയം തിങ്കളാഴ്ച ചേർന്ന നിയമസഭ യോഗം പാസാക്കി. പ്രമേയം എതിരില്ലാതെയാണ് സഭ പാസാക്കിയത്. 133 അംഗങ്ങൾ അനുകൂലമായി വോട്ടു ചെയ്തു. പ്രമേയം പാസായതിനാൽ ഗവർണറുടെ അംഗീകാരത്തിനു ശേഷം തുടർനടപടികൾക്കായി കേന്ദ്ര സർക്കാരിന് അയയ്ക്കും.
രാജ്യസഭാ മാതൃകയിൽ ആന്ധ്രാ സംസ്ഥാനത്തെ ഉപരിസഭയാണ് ലെജിസ്ലേറ്റീവ് കൗൺസിൽ. നേരത്തെ ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനങ്ങള്‍ രൂപവത്കരിക്കാനുള്ള മുന്‍ സര്‍ക്കാരിന്റെ തീരുമാനം ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തള്ളിയിരുന്നു. മൂന്നു തലസ്ഥാനങ്ങൾ രൂപീകരിക്കാനുള്ള ബിൽ സിലക്റ്റ് കമ്മിറ്റിക്കു വിടാനായിരുന്നു കൗൺസിൽ തീരുമാനം. ഇതിന് പിന്നാലെയാണ് കൗണ്‍സില്‍ തന്നെ പിരിച്ചുവിടാനുള്ള നീക്കവുമായി ജഗൻ സർക്കാർ രംഗത്തെത്തിയത്.
ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളെ നിയമസഭാംഗങ്ങളാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങൾക്ക് ആറു വർഷം കാലാവധിയുള്ള കൗൺസിലിൽ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷിയായ ടിഡിപിക്കാണ് നിലവിൽ ഭൂരിപക്ഷം. 58 അംഗ കൗൺസിലിൽ ടിഡിപിക്ക് 27 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ട്. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിന് ഒമ്പത് സീറ്റുകൾ മാത്രം.
2021ൽ മാത്രമേ വൈഎസ്ആർ കോൺഗ്രസിന് കൗൺസിലിൽ മേൽക്കൈ നേടാൻ സാധിക്കൂവെന്നതാണ് കൗൺസിൽ പിരിച്ചുവിടാനുള്ള നീക്കത്തിന് പിന്നിലെന്ന് കരുതുന്നത്. ഉപരിസഭയുടെ ആവശ്യകത ചോദ്യം ചെയ്തു ജഗന് മോഹന്‍ റെഡ്ഡി നേരത്തെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഉപരിസഭ ആവശ്യമില്ല. അത് നമ്മുടെ സൗകര്യത്തിനായി രൂപീകരിച്ചവയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.