ന്യൂഡല്‍ഹി: ബീഹാറിലും കൊറോണ ബാധയെന്ന് സംശയം. ചൈനയിലെ ടിയാന്‍ജിനില്‍ നിന്ന് കഴിഞ്ഞ ആഴ്ച എത്തിയ യുവതിയെ കൊറോണ വൈറസ് ബാധ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി നിരീക്ഷണത്തിലാണ്. യുവതിയെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ബീഹാറിലെ ചപ്ര സ്വദേശിനിയായ പെണ്‍കുട്ടി ടിയാന്‍ജിനില്‍ പി.എച്ച്‌.ഡി വിദ്യാര്‍ത്ഥിനിയാണ്. ഗവേഷണ സംബന്ധമായ ആവശ്യങ്ങള്‍ക്ക് ചൈനയില്‍ പോയ യുവതി തൊട്ടടുത്ത ദിവസം തന്നെ മടങ്ങി വന്നിരുന്നു. നാട്ടിലെത്തി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് യുവതി കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. പനിയും ചുമയും അടക്കം കൊറോണയുടെ ലക്ഷണങ്ങളെല്ലാം യുവതി പ്രകടിപ്പിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധയെക്കുറിച്ച്‌ മാധ്യമങ്ങളിലൂടെ അറിഞ്ഞ യുവതിയുടെ സഹോദരിയാണ് വിവരം ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്പ് ലൈന്‍ നമ്ബറില്‍ അറിയിച്ചത്.

ആദ്യം ശരണ്‍ സദര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പാട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന യുവതിയുടെയും അവരുടെ കുടുംബത്തിന്റെയും എതിര്‍പ്പ് വകവെയ്ക്കാതെയാണ് യുവതിയെ പാട്‌ന മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ശരീരോഷ്മാവ് കൂടുതലാണ് എന്നത് ഒഴിച്ചാല്‍ തനിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ ബലം പ്രയോഗിച്ച്‌ തന്നെ അഡ്മിറ്റ് ചെയ്യുകയായിരുന്നെന്നും യുവതി ആരോപിച്ചു. അതേസമയം, യുവതിയുടെ ശരീരസ്രവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനെയിലെ വൈറോളജി ലാബില്‍ അയച്ചു.