ഫ്‌ളോറിഡ: പത്തുദിവസം നീണ്ടുനിന്ന ഫ്‌ളോറിഡ 2020 പൈത്തോണ്‍ ബൗള്‍ മത്സരത്തില്‍ ബര്‍മീസ് പൈത്തോണ്‍ വര്‍ഗത്തില്‍പ്പെട്ട എട്ടു പെരുമ്പാമ്പുകളെ പിടികൂടിയ മൈക്ക് കിമ്മലിനു ഒന്നാം സ്ഥാനം. ജനുവരി 25-നു ശനിയാഴ്ചയായിരുന്നു വിജയികളെ പ്രഖ്യാപിച്ചത്.

ഇരുപത് സംസ്ഥാനങ്ങളില്‍ നിന്നും 750-ല്‍പ്പരം ആളുകളാണ് പെരുമ്പാമ്പിനെ പിടികൂടുന്ന മത്സരത്തില്‍ പങ്കെടുത്തതെന്നു വിജയിയെ പ്രഖ്യാപിച്ച് ഫ്‌ളോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുത്തിരുന്നവര്‍ എല്ലാവരും ചേര്‍ന്നു എണ്‍പതിപ്പരം പെരുമ്പാമ്പുകളെ പിടികൂടിയതായും കമ്മീഷന്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുത്ത ഒരാള്‍ പടികൂടിയത് 12 അടി 7.3 ഇഞ്ച് നീളവും, 62 പൗണ്ട് തൂക്കവുമുള്ള പെരുമ്പാമ്പിനെയാണ്. ഇയാള്‍ക്ക് നാലായിരം ഡോളര്‍ സമ്മാനമായി ലഭിച്ചു.

പ്രകൃതിദത്തമായ വനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന ആയിരക്കണക്കിനു വിഷമില്ലാത്ത പെരുമ്പാമ്പുകളാണ്  എവര്‍ഗ്ലേയ്‌സിലുള്ളത്. സൗത്ത് ഫ്‌ളോറിഡയുടെ ആയിരം മൈല്‍ ചുറ്റളവ് ബര്‍മീസ് പൈത്തണുകളുടെ വിഹാരരംഗമാണ്. എല്ലാവര്‍ഷവും ഇങ്ങനെ നടത്തുന്ന മത്സരങ്ങളിലൂടെ നൂറിലേറെ പെരുമ്പാമ്പുകളെയാണ് പിടികൂടാന്‍ കഴിഞ്ഞതെന്നും കമ്മീഷന്‍ പറഞ്ഞു. ഒന്നാം സമ്മാനമായി നല്‍കിയത് വലിയൊരു വാഹനമായിരുന്നു.