കൊച്ചി: ആലുവ മണപ്പുറം പാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം വൈകുന്നതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശം. അന്വേഷണത്തിനുള്ള അനുമതി വൈകുന്നതിന്റെ കാരണം അറിയിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇബ്രാഹിംകുഞ്ഞ് മുൻ മന്ത്രിയായതിനാൽ കൂടുതല്‍ സമയം ആവശ്യമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതോടെ ഫെബ്രുവരി 24ന് മുന്‍പ് തീരുമാനം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
2014ൽ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് ആലുവ മണപ്പുറത്ത് സ്ഥിരം ആർച്ച് പാലം നിർമിച്ചത്. ആറ് കോടി രൂപയ്ക്കായിരുന്നു നിർമാണ കാരാർ. പദ്ധതി പൂർത്തിയാക്കിയത് 17 കോടി രൂപയ്ക്കാണ്. രണ്ട് കമ്പനികളെ മാത്രം ഉൾപ്പെടുത്തി നടത്തിയ ടെണ്ടറിൽ കരാർ ലഭിച്ച് കമ്പനിയ്ക്ക് ആർച്ച് പാലം നിർമിച്ച് മതിയായ പരിചയം ഉണ്ടായിരുന്നില്ല.
പാലത്തിന് ഉപയോഗിച്ച നിർമാണ സാമഗ്രികളുടെ യാതൊരു വിവരവും പൊതുമരാമത്ത് വകുപ്പിന്റെ പക്കൽ ഇല്ലെന്നും 4.20 കോടി രൂപ ഖജനാവിന് നഷ്ടം ഉണ്ടായിട്ടുണ്ടെന്നുമാണ് ആരോപണം.