തിരുവനന്തപുരം: നേപ്പാളിൽ വിനോദസഞ്ചാരത്തിന് പോയ എട്ടു മലയാളികൾ ഹോട്ടൽ മുറിയിൽ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിനു കത്തയച്ചു. മലയാളികളുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്.
മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം, നേപ്പാൾ സർക്കാരിൽനിന്ന് ലഭിക്കാൻ കേന്ദ്രം ഇടപടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനാണ് മുഖ്യമന്ത്രി കത്തയച്ചത്.
തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രവീണ്‍കുമാർ, ഭാര്യ ശരണ്യ മക്കളായ അഭിനവ് സൂര്യ കോഴിക്കോട് സ്വദേശികളായ രഞ്ജിത് കുമാർ, ഭാര്യ ഇന്ദു, മകൻ വൈഷ്ണവ് എന്നിവരാണ് നേപ്പാളിൽവച്ച് മരിച്ചത്. ഇവർ താമസിച്ച മുറിയിലെ ഹീറ്ററിൽനിന്നു പുറത്തു വന്ന കാർബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.