ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് കൂടി കേരളം വേദിയായി. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റായ ഹെയ്ദി സാദിയയും ട്രാന്‍സ്മാനായ അഥര്‍വ് മോഹനുമാണ് വിവാഹിതരായത്. എറണാകുളം ടിഡിഎം ഹാളില്‍ വച്ചായിരുന്നു വിവാഹം. എറണാകുളം കരയോഗവും ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും ഒരുമിച്ചാണ് വിവാഹം നടത്തിയത്.

പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാരിന്റെ വളര്‍ത്തുമകളായ ഹെയ്ദി സ്വകാര്യ വാര്‍ത്താ ചാനലിലെ അവതാരകയാണ്. ഹരിപ്പാട് കരുവാറ്റ സ്വദേശിയായ അഥര്‍വ് തിരുവനന്തപുരത്തെ സ്വകാര്യ കമ്ബനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. കരുവാറ്റ തട്ടുപുരക്കല്‍ മോഹനന്റെയും ലളിതയുടെയും മകനായ അഥര്‍വ് ട്രാന്‍സ് ദമ്ബതിമാരായ ഇഷാന്റെയും സൂര്യയുടെയും വളര്‍ത്തുമകന്‍ കൂടിയാണ്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇരുവരുടെയും വീട്ടുകാര്‍ ചേര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം നടക്കുന്ന കേരളത്തിലെ നാലാമത്തെ ട്രാന്‍സ് വിവാഹമാണിത്. ഇരുവീട്ടുകാരും ചേര്‍ന്ന് ഉറപ്പിച്ച വിവാഹം നടത്താനുള്ള വേദി ആവശ്യപ്പെട്ട് ഓര്‍ഫനേജ് ട്രസ്റ്റ് കരയോഗത്തെ സമീപിക്കുകയായിരുന്നു. പിന്നീടാണ് ഇവര്‍ ഒരുമിച്ച്‌ കല്യാണം നടത്താമെന്ന തീരുമാനത്തിലെത്തുന്നത്.