വിശാഖപട്ടണം: രാജ്യം 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ മാറ്റ് കുറച്ച്‌ ആന്ധ്രാ പ്രദേശില്‍ നിന്നും ദേശീയ പതാകയെ ചൊല്ലി വിവാദം. ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ ആന്ധ്രാ മന്ത്രിയാണ് വിവാദത്തിന് തുടക്കം കുറിച്ചത്. രാജ്യത്തിന്റെ 71ാം റിപബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്കിടെ വിശാഖപട്ടണത്തായിരുന്നു സംഭവം. ആന്ധ്രാ ടൂറിസം മന്ത്രി അവന്തി ശ്രീനിവാസ് ആണ് തലകീഴായി ദേശീയ പതാക ഉയര്‍ത്തിയത്.

അതേസമയം, പതാക ഉയര്‍ത്തി ദേശീയ ഗാനം പാടി അവസാനിക്കാറായപ്പോഴാണ് ഈ ഗുരുതര പിഴവ് സംഘാടകര്‍ ശ്രദ്ധിച്ചത്. ഇതോടെ സംഘാടകരോട് മന്ത്രി പൊട്ടിത്തെറിക്കുകയും ചെയ്തു. സംഭവം വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ വിമര്‍ശനത്തിനും കാരണമായി. പതാക കൊടിമരത്തില്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, മന്ത്രിയും വൈആര്‍എസ് കോണ്‍ഗ്രസും ദേശീയ പതാകയെ മനപ്പൂര്‍വ്വം അവഹേളിക്കാന്‍ ശ്രമിച്ചെന്നാണ് ടിഡിപിയുടെ ആരോപണം.