ഹ്യൂസ്റ്റണ്‍: ഇന്ത്യയുടെ 71-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാന്‍ ഹ്യൂസ്റ്റണ്‍ മലയാളികള്‍ ഒത്തു കൂടി. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യന്‍ വികാരമുയര്‍ത്തിയ പ്രൗഢഗംഭീരമായ ചടങ്ങ്. അസോസിയേഷന്റെ ആസ്ഥാനമായ കേരളഹൗസില്‍ രാവിലെ അംഗങ്ങള്‍ ഒത്തു കൂടി. അമേരിക്കന്‍ പതാക സ്റ്റഫോര്‍ഡ് സിറ്റി കൗണ്‍സിലംഗം കെന്‍ മാത്യു ഉയര്‍ത്തി. ഇന്ത്യയുടെ ദേശീയപതാക ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സാം ജോസഫ് ഉയര്‍ത്തി. ചടങ്ങില്‍ പങ്കെടുത്തവര്‍ ചേര്‍ന്ന് ഇരുരാജ്യങ്ങളുടെയും ദേശീയഗാനം ആലപിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വേണ്ടി എക്കാലത്തും നിലകൊള്ളുമെന്നു ചടങ്ങില്‍ പങ്കെടുത്തവര്‍ ഒരേസ്വരത്തില്‍ പ്രതിജ്ഞ ചെയ്തു. ഇന്ത്യയുടെ ശക്തിക്കും പ്രബലതയ്ക്കും വേണ്ടി ഓരോ ഇന്ത്യക്കാരനും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുമെന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

അസോസിയേഷന്‍ സെക്രട്ടറി മാത്യു മുണ്ടക്കന്‍ സ്വാഗതം പറഞ്ഞു.
ട്രഷറര്‍ ജോസ് ജോണ്‍ നന്ദി പ്രകാശിപ്പിച്ചു. ഹ്യൂസ്റ്റണിലുള്ള ധാരാളം മലയാളികള്‍ ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ചു സ്‌നേഹവിരുന്ന് ഉണ്ടായിരുന്നു.