പെരുമ്ബാവൂര്‍: റബ്ബര്‍ ഓയിലുമായ് വന്ന ടാങ്കര്‍ ലോറിക്ക് തീപിടിച്ചു. കോട്ടയത്ത് നിന്ന് ഐരാപുരം റബ്ബര്‍ പാര്‍ക്കിലേക്കുള്ള യാത്രയിലാണ് അപകടം.ലോറിയുടെ ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടായതാണ് തീപിടിക്കാന്‍ കാരണം. ശനിയാഴ്ച രാവിലെ 9ന് വളയന്‍ചിറങ്ങര ജങ്ഷനില്‍ പെട്രോള്‍ പമ്ബിന് സമീപമാണ് സംഭവം. എന്നാല്‍ അഗ്നി രക്ഷസേനയുടെയും ഡ്രൈവറുടെയും സമയോചിത ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി. തീ പടരാന്‍ തുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ട ഉടനെ ഡ്രൈവര്‍ വാഹനം റോഡിന് അരികില്‍ നിര്‍ത്തി തീ അണയ്ക്കാന്‍ ശ്രമിച്ചു. ഉടനെ പെരുമ്ബാവൂര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പമ്ബിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ടാങ്കര്‍ ലോറി പെരുമ്ബാവൂര്‍ അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച്‌. അസൈനാരുടെ നേതൃതത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അമ്ബലത്തിങ്കല്‍ ദേവസി തൃപ്പൂണിത്തുറ എന്നയാളുടേതാണ് ടാങ്കര്‍ ലോറി. ഏകദേശം 10,000 ലിറ്റര്‍ റബ്ബര്‍ ഓയിലാണ് ടാങ്കറില്‍ ഉണ്ടായിരുന്നത്.