ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷന്‍ പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷന്‍ പുരക്സാരം ആഭ്യന്തര മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.

ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് മൂന്നാമത്തെ പരമോന്നത സിവിലിയന്‍ അവാര്‍ഡ് പത്മഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ബി.ജെ.പി നേതാക്കളും കഴിഞ്ഞ വര്‍ഷമാണ് മരണപ്പെട്ടത്.

7 പത്മവിഭൂഷന്‍, 16 പത്മഭൂഷന്‍, 118 പത്മശ്രീ അവാര്‍ഡുകളാണ് ഇത്തവണ പ്രഖ്യാപിക്കപ്പെട്ടത്. ഇതില്‍ 34 പേര്‍ സ്ത്രീകളാണ്. ഒളിമ്ബിക് മെഡല്‍ ജേതാവ് ബോക്‌സിങ് താരം എം.സി മേരി കോമിന് പത്മവിഭൂഷണ്‍ ബഹുമതി പ്രഖ്യാപിച്ചു. മറ്റൊരു ഒളിമ്ബിക് മെഡല്‍ ജേതാവ് ബാഡ്മിന്‍ഡണ്‍ താരം പി.വി സിന്ധുവിന് പത്മഭൂഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.