ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വെറുപ്പിന്‍റെ അജണ്ടയെ എതിര്‍ക്കുന്ന ഏതൊരാളും അര്‍ബന്‍ നക്‌സലായി ചിത്രീകരിക്കപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഭീമ കൊറേഗാവ് കേസ് NIAയ്ക്ക് വിട്ട കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശം. ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്‍റെ പ്രതികരണം. ഭീമ കൊറേഗാവ് സംഘര്‍ഷത്തിന്‍റെ അന്വേഷണം വെള്ളിയാഴ്ചയാണ് NIA ഏറ്റെടുത്തത്.

പ്രതിരോധത്തിന്‍റെ പ്രതീകമാണ് ഭീമ കൊറേഗാവെന്നും സര്‍ക്കാരിന്‍റെ ശിങ്കിടിയായ NIAയ്ക്ക് അതിനെ ഒരിക്കലും ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു.

ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബുദ്ധിജീവികള്‍ക്കെതിരെയും സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെയും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുമ്ബോഴാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതും അന്വേഷണം NIA ഏറ്റെടുക്കുന്നതും.

കേസിന്‍റെ നില വിലയിരുത്തുന്നതിന് വെള്ളിയാഴ്ച മഹാരാഷ്ട്ര സര്‍ക്കാര്‍ അവലോകനയോഗവും വിളിച്ചിരുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ കേസിന്‍റെ ഗതി മറ്റൊന്നാവുമെന്നാണ് സ്ഥിഗതികള്‍ സൂചിപ്പിക്കുന്നത്.