കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ മൂന്നാം കുറ്റപത്രം സമർപ്പിച്ചു. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒന്നര വയസുള്ള മകൾ ആൽഫൈനെ കൊലപ്പെടുത്തിയ കേസിൽ താമരശേരി കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഷാജുവിനെ വിവാഹം കഴിക്കാൻ വേണ്ടിയാണ് കുട്ടിയെ ജോളി കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2014 മേയ് മൂന്നിന് ബ്രെഡിൽ സയനൈഡ് പുരട്ടി ജോളി കുട്ടിക്ക് നൽകുകയായിരുന്നു. ജോളിക്ക് പുറമേ സയനൈഡ് നൽകിയ എം.എസ്.മാത്യൂ, കെ.പ്രജികുമാർ എന്നിവരെയും ക്രൈംബ്രാഞ്ച് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സങ്കീർണമായ കേസാണിതെന്നും സാക്ഷിമൊഴികൾ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിയെ കണ്ടെത്തിയതെന്നും ക്രൈംബ്രാഞ്ച് എസ്പി കെ.ജി.സൈമണ്‍ പറഞ്ഞു.