ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഒരു സാമൂഹിക സാംസ്‌കാരിക സംഘടനയിലുപരി കേരളത്തിലെ നിർധനർക്ക് പലപ്പോഴും ഒരു അത്താണിയായി മാറുവാന്‍ സാധിച്ചിട്ടുണ്ട് എന്നതിന്‍റെ തെളിവാണ് കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽപെട്ട ഭവനരഹിതരെ സാമ്പത്തികമായി സഹായിച്ചു എന്നത്.

പ്രസിഡന്‍റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍റെ അധ്യഷതയില്‍ കൂടിയ യോഗമാണ് ഭവനരഹിതര്‍ക്ക് വീടുവച്ചു കൊടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അതിന്‍ പ്രകാരം കേരളത്തിലെ സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്. സുനില്‍ ടീച്ചറുമായി ബന്ധപ്പെടുകയും അസോസിയേഷന്‍റെ സ്വപ്‌നസാക്ഷാത്കാരത്തിന്‍റെ ഭാഗമായി രണ്ടു വീടുകളുടെയും പണിതീര്‍ത്ത് താക്കോല്‍ദാനം നിർവഹിക്കുകയും ചെയ്തു.

ഒരു ബെഡ് റൂം, അടുക്കള, സിറ്റ് ഔട്ട്, ഡൈനിംഗ് റൂം, വാഷ് റൂം എന്നിവ ഉള്‍കൊള്ളുന്നതാണ് ‘സ്‌നേഹതീരം’, ‘മെഗാ ഭവന്‍’ എന്നീ നാമകരണം ചെയ്തിട്ടുള്ള വീടുകള്‍. പാണ്ടവല്‍പാറ ഉരുകുന്നിലെ തേന്‍മലയിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.

വീടുകളുടെ താക്കോല്‍ദാനചടങ്ങില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ എക്‌സിക്യൂട്ടീവ് ഭാരവാഹിയും ജോയിന്‍റ് സെക്രട്ടറിയുമായ സാബു കട്ടപ്പുറം , അസോസിയേഷന്‍ സ്ഥിരാംഗവും പ്രസ്തുത ഒരു വീടിനു വേണ്ട സാമ്പത്തിക സഹായം ചെയ്ത സണ്ണി ചിറയിലും പങ്കെടുത്തു.

വീടു നിര്‍മിച്ചു നല്‍കുന്നതിന് നേതൃത്വം ഏറ്റെടുത്ത സുനില്‍ ടീച്ചറിന് ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രത്യേക നന്ദിയും അറിയിച്ചു. ഇനിയും ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഭവനദാന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

വിവരങ്ങൾക്ക്: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (പ്രസിഡന്‍റ്) 847 477 0564, ജോഷി വള്ളിക്കളം (സെക്രട്ടറി), ജിതേഷ് ചുങ്കത്ത് (ട്രഷറര്‍), സാബു കട്ടപുറം (ജോയിന്‍റ് സെക്രട്ടറി), ബാബു മാതള്‍ (വൈസ് പ്രസിഡന്‍റ്), ഷാബു മാത്യു (ജോയിന്‍റ് ട്രഷറര്‍).