ഇറാനിയന്‍ പൗരന്മാര്‍ക്ക് ഇനിമുതല്‍ ഇ-1, ഇ-2 (വ്യാപാര, നിക്ഷേപ) വീസകള്‍ക്ക് അര്‍ഹതയില്ലെന്ന് യു‌എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഏജന്‍സി (യു‌എസ്‌സി‌ഐ‌എസ്) ബുധനാഴ്ച പ്രഖ്യാപിച്ചു.

2018 ഒക്ടോബര്‍ 3, 1955 ലെ സൗഹാര്‍ദ്ദ ഉടമ്പടി, സാമ്പത്തിക ബന്ധങ്ങള്‍, ഇറാനുമായുള്ള കോണ്‍സുലര്‍ അവകാശങ്ങള്‍ എന്നിവ അവസാനിപ്പിച്ചതിനെതുടർന്നാണ് നടപടി എന്ന് യുഎസ്‌സി‌ഐ‌എസ് ഒരു പത്രക്കുറിപ്പില്‍ വെളിപ്പെടുത്തി.

ഇ-1, ഇ-2 നോണ്‍ ഇമിഗ്രന്‍റ് വീസ ക്ലാസിഫിക്കേഷനുകള്‍ ഒരു കരാറിലെ രാജ്യത്തെ പൗരന്മാരെ അന്താരാഷ്ട്ര വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിനോ യുഎസ് ബിസിനസില്‍ മൂലധനം നിക്ഷേപിക്കുന്നതിനോ യുഎസില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നതാണ്.

‘ഇ-1, ഇ-2 നോണ്‍ ഇമിഗ്രന്‍റ് വീസകള്‍ വാണിജ്യ, നിക്ഷേപ ഉടമ്പടികളെ അടിസ്ഥാനമാക്കിയുള്ളതാണ്. അല്ലെങ്കില്‍ അതത് രാജ്യങ്ങളിലെ പൗരന്മാര്‍ തമ്മിലുള്ള പരസ്പര കരാറിനു വേണ്ടി ഉണ്ടാക്കിയ പ്രത്യേക നിയമം അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു യോഗ്യതാ ഉടമ്പടിയുടെ അല്ലെങ്കില്‍ അംഗീകൃത നിയമനിര്‍മാണത്തിന്‍റെ നിലനില്പാണ് ഇ-വീസ നല്‍കാനുള്ള മാനദണ്ഡം.

ഇറാനിലേക്കുള്ള കയറ്റുമതിയില്‍ നിന്ന് ഭക്ഷ്യ-മെഡിക്കല്‍ സാധനങ്ങള്‍ തടയുന്ന യുഎസ് ഉപരോധം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ഉന്നത കോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ട്രംപ് ഭരണകൂടം 1955 ലെ കരാര്‍ 2018 ല്‍ അവസാനിപ്പിച്ചിരുന്നു.

മാനുഷികമായ പരിഗണനകള്‍ ഉപരോധങ്ങളില്‍ ഉള്‍പ്പെടുത്താന്‍ യുഎസ് എല്ലായ്പ്പോഴും ശ്രമിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോം‌പിയോ തറപ്പിച്ചു പറഞ്ഞു. എന്നാല്‍, ഇറാനെതിരായ യുഎസ് ഉപരോധത്തെക്കുറിച്ച് ആജ്ഞാപിക്കാന്‍ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ലെന്നും പോംപിയോ അഭിപ്രായപ്പെട്ടു.

‘ഇറാനുമായി നിലവില്‍ പ്രാബല്യത്തിലുള്ള മറ്റ് യോഗ്യതകളോ കരാറുകളോ ഒന്നും ഇ-1, ഇ-2 വിസകള്‍ അനുവദിക്കുന്നതിന് പര്യാപ്തമായ മാനദണ്ഡങ്ങള്‍ കാണുന്നില്ല. അതനുസരിച്ച്, ഇറാന്‍ സ്വദേശിക്ക് ഇനി ഇ-1 അല്ലെങ്കില്‍ ഇ-2 പദവിയില്‍ തുടരാനോ സൗഹാര്‍ദ്ദ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഇ-1 അല്ലെങ്കില്‍ ഇ-2 ലേക്ക് സ്റ്റാറ്റസ് മാറ്റാനോ യോഗ്യതയില്ല, ഇ-1, ഇ-2 വീസകള്‍ക്കുള്ള ഇറാനിയന്‍ യോഗ്യത അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള പ്രത്യേക പ്രഖ്യാപനത്തില്‍ യുഎസ് സിഐഎസ് ഡപ്യൂട്ടി ഡയറക്ടര്‍ മാര്‍ക്ക് കൊമാന്‍സ് പറഞ്ഞു.

ഒക്ടോബര്‍ 3 നു ശേഷം ഇ 1, ഇ 2 വീസകള്‍ക്കായി അപേക്ഷ സമര്‍പ്പിച്ച അപേക്ഷകര്‍ക്ക് യുഎസ്‌സി‌ഐ‌എസ് വീസ നിരസിക്കാനുള്ള കാരണം അറിയിച്ചുകൊണ്ടുള്ള നോട്ടീസുകള്‍ അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ഈ വീസ പദവികളിലുള്ള ഇറാനികള്‍ക്ക് അവരുടെ നിലവിലെ നില അവസാനിക്കുന്നതുവരെ മാത്രമേ യുഎസില്‍ തുടരാന്‍ അനുവാദമുള്ളൂ.

എന്നാല്‍, നോട്ടീസില്‍ വിവരിച്ചിരിക്കുന്ന മാറ്റങ്ങള്‍ ഇറാനിയന്‍ പൗരന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും യുഎസ് ഇമിഗ്രേഷന്‍ നിയമപ്രകാരം യോഗ്യത സ്ഥാപിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന മറ്റൊരു കുടിയേറ്റ വീസ ക്ലാസിഫിക്കേഷനില്‍ പ്രവേശനം തേടുന്നതിനോ അല്ലെങ്കില്‍ അനുമതിക്കായി അപേക്ഷിക്കുന്നതിനോ തടസമാകില്ലെന്ന് കൊമാന്‍സ് വ്യക്തമാക്കി.